തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക എം.ടി വക
എം. ജയതിലകന്‍
Friday, December 27, 2024 6:12 AM IST
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കെയാണ് 2011ല്‍ പുരുഷന് കടലുണ്ടിയെ ബാലുശേരി നിയമസഭാമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഇന്നത്തെ ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനായിരുന്നു അന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി.
സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം അറിഞ്ഞ ഉടനെത്തന്നെ പുരുഷന് കടലുണ്ടി നേരേ പോയത് കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ എം.ടിയുടെ വീട്ടിലേക്കാണ്. ഒപ്പം ടി.പി. രാമകൃഷ്ണനും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം എം.ടിയോടു പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. തലയില്‍ കൈവച്ച് എം.ടി ആശീര്‍വദിച്ചു.
അവരോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അകത്തേക്കുപോയി കൈയില്‍ കുറച്ചു പണവുമായി വന്നു. പുരുഷന് കടലുണ്ടിക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു കെട്ടിവയ്ക്കാനുള്ള തുകയായിരുന്നു അത്. എം.ടിയുടെ നിറഞ്ഞ മനസോടെയുള്ള അനുഗ്രഹം വലിയ ആത്മവിശ്വാസമാണു നല്‍കിയതെന്ന് പറയുമ്പോള്‍ പുരുഷന് കടലുണ്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വലിയ ഭൂരിപക്ഷത്തോടെയാണ് അന്ന് ബാലുശേരിയില്‍ വിജയിച്ചത്. 2011 മുതല്‍ 2021 വരെ ബാലുശേരിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്തു.
സ്കൂളില്‍ പഠിക്കുന്ന കാലത്തു തുടങ്ങിയ ആരാധനയാണു നാടക-സിനിമാ പ്രവര്‍ത്തകനായ പുരുഷന് കടലുണ്ടിക്ക് എംടിയോട്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എം.ടിയുടെ "മുറപ്പെണ്ണ്'സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പോയത് എം.ടിയെ കാണാനായിരുന്നു. പിന്നീട് നാടക പ്രവര്‍ത്തനരംഗത്ത് എത്തിയപ്പോള്‍ എം.ടിയുമായി അടുത്ത ബന്ധമായി. 1982ല്‍ കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം നേടിയ പുരുഷന് കടലുണ്ടിയുടെ നാടകമായ സീതപ്പക്ഷിക്ക് അവതാരിക എഴുതിയത് എം.ടിയാണ്. പിന്നീട് ആ ബന്ധം വളര്‍ന്നുപന്തലിച്ചു. നാടകവേദിയില്‍ നിന്നു ചലച്ചിത്രവേദിയിലേക്കു പുരുഷന് കടലുണ്ടിയെ കൈപിടിച്ചുയര്‍ത്തിയത് എം.ടിയാണ്.
എം.ടിയുടെ സിനിമകളുടെ തിരക്കഥകള്‍ പകര്‍ത്തിയെഴുതിയതു പുരുഷന് കടലുണ്ടിയായിരുന്നു. എം.ടിയുടെ ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ , വാരിക്കുഴി, മഞ്ഞ്, കടവ്, ദ മിസ്റ്റ് (ഹിന്ദി) എന്നീ സിനിമകളുടെ സഹസംവിധായകനായി പുരുഷന് കടലുണ്ടി പ്രവര്‍ത്തിച്ചു.
മഞ്ഞ് സിനിമയുടെ ഷൂട്ടിംഗിനായി നൈനിത്താളിലും ദുബായിലും ചെന്നൈയിലും എം.ടിയോടെപ്പം നടത്തിയ യാത്രാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമ നാടകമാക്കിയത് പുരുഷന് കടലുണ്ടിയാണ്.
വടകര വരദ ഈ നാടകം സ്റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ ഒമ്പതു ദിവസം നാടകത്തിന്റെ റിഹേഴ്സൽ കാണാന്‍ എം.ടി എത്തിയിരുന്നത് അദ്ദേഹം ഓര്‍ക്കുന്നു. ഗൗരവപ്രകൃതമാണെങ്കിലും ഒരിക്കലും അദ്ദേഹം ന്നോടു ദേഷ്യപ്പെട്ടിട്ടില്ലെന്ന് പു രുഷൻ കടലുണ്ടി പറയുന്നു. മുഖത്തുവിരിയുന്ന ചിരിയിലുണ്ടാവും എ.ടിയുടെ മാനസികാവസ്ഥ. ഒരു തവണ പറഞ്ഞ കാര്യം ഒരിക്കലും എം.ടി മറക്കില്ല- പുരുഷന് കടലുണ്ടി പറഞ്ഞുനിര്‍ത്തി.