ഇരുനൂറിലധികം അംഗീകാരങ്ങള്‍, ജനമനസിലെ പ്രിയ എം.ടി.
സ്വന്തം ലേഖകന്‍
Friday, December 27, 2024 6:13 AM IST
കോഴിക്കോട്: എണ്ണമറ്റ പുരസ്കാരങ്ങള്‍, വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന ഭാഷാ നൈപുണ്യം, സാഹിത്യത്തിന്റെയും സിനിമയുടെയും നേര് വരമ്പുകള്‍ ഇല്ലാതാക്കിയ എം.ടിയെന്ന അതുല്യ പ്രതിഭയുടെ വിയോഗം തീര്‍ത്ത വിടവ് വാക്കുകള്‍ക്കതീതമാണ്.
നോവലിസ്റ്റ്, സാഹിത്യകാരന്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അനിതരസാധാരണമായ മികവോടെ വിരാജിച്ച ഇദ്ദേഹം 54 സിനിമകള്‍ക്കു തിരക്കഥയൊരുക്കുകയും ഏഴു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ ലഭിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് 1995-ല്‍ ജ്ഞാനപീഠം പുരസ്കാരം നല്കി രാജ്യം ആദരിച്ചു.
2005ല്‍ പദ്മഭൂഷണ്‍ ലഭിച്ചു.അധ്യാപകന്, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച എം.ടിക്ക് എഴുത്തച്ഛന് പുരസ്കാരം, ജെസി ഡാനിയല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം എന്നിവ ലഭിച്ചു. തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായിരുന്നു.1933 ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ടി. നാരായണന് നായര്‍- അമ്മാളുഅമ്മ ദമ്പതികളുടെ മകനായാണ് എം.ടിയുടെ ജനനം. 23ാം വയസിലാണ് ആദ്യ നോവലായ നാലുകെട്ട് എഴുതിയത്.
എം.ടിയുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങള്‍ എന്ന ചെറു സിനിമകള്‍ ഈവര്‍ഷമാണ് പുറത്തിറങ്ങിയത്. ഇതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ വേഷമിട്ടു.‘മനോരഥങ്ങൾ’ ട്രെയിലര്‍ പുറത്തിറങ്ങുന്ന കൊച്ചിയിലെ ചടങ്ങിലാണ് ഒടുവിൽ പങ്കെടുത്തത്. 2013 സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങിയ ഹരിഹരന് സംവിധാനം ചെയ്ത ഏഴാമത്തെ വരവ് എന്ന സിനിമയ്ക്കാണ് അവസാനമായി തിരക്കഥയൊരുക്കിയത്.
നാലുകെട്ട് , പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന് , അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം. വാരണാസി എന്നിവയാണ് പ്രധാന നോവലുകള്‍. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, രക്തം പുരണ്ട മണ് തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്, നിന്റെ ഓര്‍മയ്ക്ക്, വിത്തുകള്‍, കര്‍ക്കിടകം, വില്പന, ചെറിയ,ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കല്പ്പാന്തം, കാഴ്ച, ശിലാലിഖിതം,കുപ്പായം എന്നിവയാണു പ്രധാന കഥകള്‍.
ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, സദയം, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ഥാടനം , പഴശിരാജ, ഒരു ചെറുപുഞ്ചിരി എന്നിവയാണു പ്രധാന തിരക്കഥകള്‍.
ഇരുനൂറിലധികം ബഹുമതികളാണ് എം.ടിയെത്തേടി എത്തിയത്. 1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണു ആദ്യകഥ. 1953ൽ മാതൃഭൂമി ലോകകഥാമത്സരത്തിൽ സമ്മാനാർഹമായ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥയോടെ സാഹിത്യലോകത്ത് ശ്രദ്ധേയനായി.
1965-ല്‍ മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. തുടർന്ന് പത്തോളം സിനിമകള്‍ക്കു തിരക്കഥ ഒരുക്കി. അതിനുശേഷമാണ് സ്വന്തം സംവിധാനത്തില്‍ 1973ല്‍ നിർമാല്യം എന്ന സിനിമ ഒരുക്കിയത്. തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ നാലു പുരസ്കാരങ്ങള്‍ ലഭിച്ച ു.