അനധികൃത പെൻഷൻ : 38 റവന്യു ജീവനക്കാർക്കു സസ്പെൻഷൻ
സ്വന്തം ലേഖകൻ
Friday, December 27, 2024 6:13 AM IST
തിരുവനന്തപുരം: റവന്യു വകുപ്പിലെ മുന്തിയ തസ്തികകളിൽ ജോലി ചെയ്യുന്ന 38 ജീവനക്കാരെ, അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. സർവേ- ഭൂരേഖാ വകുപ്പിലെ സർവേയർ, ഡ്രാഫ്റ്റ്സ്മാൻ അടക്കമുള്ള നാലു ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണു സസ്പെൻഷൻ. സാമൂഹികസുരക്ഷാ പെൻഷൻ തുക 18 ശതമാനം പലിശസഹിതം കൈപ്പറ്റിയത് ഇവരി ൽനിന്നു തിരിച്ചുപിടിക്കാനും നിർദേശിച്ചു.
സർവേ വകുപ്പിലെ സർവേയർ, ഡ്രാഫ്റ്റ്സ്മാൻ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലുള്ളവരെയാണു ക്ഷേമപെൻഷൻ കൈപ്പറ്റിയതിനു സസ്പെൻഡ് ചെയ്തത്.
റവന്യു വകുപ്പിലെ യുഡി ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്, ഫീൽഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികളിലുള്ളവരാണു ക്ഷേമപെൻഷൻ കൈക്കലാ ക്കിയത്. 4,400 രൂപ മുതൽ 53,400 രൂപ വരെ കൈപ്പറ്റിയതായാണു കണ്ടെത്തൽ.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പ്രതിമാസം 1,600 രൂപയാണു സാമൂഹിക സുരക്ഷാ പെൻഷനായി സർക്കാർ നൽകുന്നത്. ഈ പെൻഷൻനാണു സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ 1,458 ജീവനക്കാർ അനധികൃതമായി കൈപ്പറ്റിയതെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ.
സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റിയതുവഴി പ്രതിവർഷം 2.7 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു. പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്വേറിലെയും സർക്കാരിന്റെ ശന്പളവിതരണ സോഫ്റ്റ്വേറായ സ്പാർക്കിലെയും വിവരങ്ങൾ താരതമ്യം ചെയ്താണു തട്ടിപ്പു നടത്തിയവരെ കണ്ടെത്തിയത്. ഇവർക്കെതിരേ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിച്ചുവരുകയാണ്. ആരോഗ്യ വകുപ്പിലെ 373 ജീവനക്കാരെയും മണ്ണ് പര്യവേഷണ- സംരക്ഷണ വകുപ്പിലെ ആറു പേരെയും കഴിഞ്ഞ ദിവസങ്ങളിൽ സസ്പെൻഡ് ചെയ്തിരുന്നു.