" തെക്കേപ്പാട്ട് മെഡിക്കൽസ് ' പൂട്ടിപ്പോയ കഥ!
ടിജോ മാത്യു
Friday, December 27, 2024 6:12 AM IST
കോട്ടയം: മലയാളത്തിന്റെ മഹാ കഥാകാരനായ എം.ടി മെഡിക്കൽഷോപ്പ് ഉടമകൂടിയായിരുന്നു. പുതിയ അനുഭവങ്ങൾ തേടിയോ ബിസിനസിൽ ഒരുകൈ നോക്കിക്കളയാമെന്നുകരുതിയോ മരുന്നുകടയിലെത്തപ്പെട്ടതായിരുന്നില്ല, ജീവിക്കാനുള്ള പലവേഷങ്ങളിലൊന്ന് അണിയുകയായിരുന്നു അദ്ദേഹം.
മാതൃഭൂമിയുടെ പത്രാധിപസ്ഥാനം ആദ്യമൊഴിഞ്ഞപ്പോഴായിരുന്നു അദ്ദേഹം മെഡിക്കൽ ഷോപ്പ് തുടങ്ങിയത്. അതിനുള്ള അസാമാന്യധൈര്യം അദ്ദേഹത്തിനു നൽകിയതു മറ്റാരുമായിരുന്നില്ല; സ്മാരകശിലകളുടെ ശില്പി സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ള. പുനത്തിൽ തന്റെ ഓർമക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അങ്ങനെ എം.ടി മെഡിക്കൽഷോപ്പ് തുടങ്ങി; പേര് തെക്കേപ്പാട്ട് മെഡിക്കൽസ്.
കോഴിക്കോട് കിഴക്കേ നടക്കാവിൽനിന്ന് എം.ടിയുടെ വീട്ടിലേക്കു തിരിയുന്ന കൊട്ടാരംറോഡിന്റെ ജംഗ്ഷനിലായിരുന്നു കട. അവിടെ വൈകുന്നേരം കുറച്ചുനേരം എം.ടി ഇരിക്കും. മരുന്നുകൾ തിരിച്ചുംമറിച്ചും നോക്കും. ഏതു രോഗത്തിനുള്ള മരുന്നാണു കൂടുതൽ പോകുന്നതെന്നു പരിശോധിക്കും. ഞാനും ചില ദിവസങ്ങളിൽ അവിടെ എത്താറുണ്ടായിരുന്നു- പുനത്തിൽ എഴുതുന്നു.
എന്നാൽ ഭാവനാപരിസരങ്ങളിൽ കഥാപാത്രങ്ങളെ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു പാവക്കൂത്ത് കളിപ്പിക്കുന്നതുപോലെയായിരുന്നില്ല മരുന്നു ബിസിനസ്. കൃത്യമായ മാനേജ്മെന്റില്ലാത്തതുകൊണ്ടു കട നഷ്ടത്തിലായി. തെക്കേപ്പാട്ട് മെഡിക്കൽസ് അടച്ചുപൂട്ടി. പിന്നീടാണു പുസ്തകപ്രസാധനരംഗത്തേക്ക് എം.ടി തിരിയുന്നത്.
ക്ലാസിക് പബ്ലിഷിംഗ് കമ്പനിയെന്ന പേരിൽ പ്രസാധകസ്ഥാപനം ആരംഭിച്ചു. അതിഗംഭീര പുസ്തകത്തോടെയായിരുന്നു ക്ലാസിക് പബ്ലിഷിംഗ് കമ്പനിയുടെ തുടക്കം. പ്രസംഗകലയിലെ കുലപതി സുകുമാർ അഴീക്കോടിന്റെ "തത്ത്വമസി'യായിരുന്നു ആദ്യ പുസ്തകം. ഇതിന്റെ രണ്ടു പതിപ്പുകൾ പുറത്തിറക്കി. ഇതിനുശേഷം എം.ടിയും എൻ.പി. മുഹമ്മദും ചേർന്ന് ലോകകഥകളുടെ മലയാളം തർജമ പുറത്തിറക്കി. കോർട്ട് റോഡിൽ ആരംഭിച്ച ഈ സ്ഥാപനവും ഏറെനാൾ മുന്നോട്ടുപോയില്ല. ഓരോരുത്തർക്കും ഓരോ ജീവിതമാണുള്ളത്, തികച്ചും മൗലികമായത്. ഈ ജീവിതത്തിന്റെ തടവുകാരാണു നാമൊക്കെ. എം.ടി എന്നും എഴുത്തുജീവിതത്തിന്റെ തടവിലായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിനു മറ്റൊന്നും വഴങ്ങാതിരുന്നത്.