പുതുവർഷം പുതിയ ഗവർണർ
സ്വന്തം ലേഖകൻ
Friday, December 27, 2024 6:12 AM IST
തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിനു പുതിയ ഗവർണറെത്തും. സംസ്ഥാനത്തെ ഗവർണറായി നിയമിച്ച രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ജനുവരി ആദ്യ ദിവസങ്ങളിലാകും ചുമതല ഏറ്റെടുക്കുക. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടനം നിർവഹിക്കാൻ 30ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണു സ്വീകരിക്കുന്നത്.
ശിവഗിരി തീർഥാടനത്തിൽ 31നു വൈകുന്നേരം നടക്കുന്ന സർവമത സമ്മേളനത്തിൽ ആരിഫ് മുഹമ്മദ്ഖാൻ പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷമാകും ബിഹാർ ഗവർണറായി അദ്ദേഹം ചുമതലയേൽക്കുന്നത്. കേരളത്തിന്റെ 23-ാ ഗവർണറായാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേൽക്കുന്നത്. ബിഹാർ ഗവർണർ സ്ഥാനത്തുനിന്നാണ് അർലേക്കർ കേരളത്തിലേക്ക് എത്തുന്നത്. ഇതേ സ്ഥാനത്തേക്കാണ് കേരളത്തിൽ നിന്ന് ആരിഫ് മുഹമ്മദ്ഖാൻ മടങ്ങുന്നത്.
28വരെയുള്ള ഡൽഹി, ഇൻഡോർ സന്ദർശനങ്ങൾ വെട്ടിച്ചുരുക്കി ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ അർധരാത്രിയോടെ തിരുവനന്തപുരത്ത് എത്തി. ഇന്നു പകൽ ഡെന്റൽ കോളജിൽ പരിശോധനയ്ക്കായും അദ്ദേഹം എത്തും. ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനായിരുന്നു ധാരണ. ഇനി പുതിയ ഗവർണറുടെ സമയം തേടിയ ശേഷമായിരിക്കും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കുക.