വട്ടേക്കാട് രണ്ടു യുവാക്കള്‍ കുത്തേറ്റു മരിച്ചു
Friday, December 27, 2024 5:35 AM IST
കൊടകര: വട്ടേക്കാട് ബുധനാഴ്ച രാത്രിയുണ്ടായ അക്രമസംഭവത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകന് സുജിത് (33), മഠത്തിക്കാടന്‍ സജീവന്റെ മകന് അഭിഷേക് (22) എന്നിവരാണു കുത്തേറ്റുമരിച്ചത്.
സുജിത്തും അഭിഷേകിന്റെ സുഹൃത്ത് ഹരീഷ് എന്നയാളുടെ കൂട്ടുകാരനായ വിവേകും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. അഭിഷേക്, ഹരീഷ്, വിവേക് എന്നിവര്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ സുജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി സുജിത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സഹോദരന് സുധീഷിനും അക്രമത്തില്‍ പരിക്കേറ്റു. ഇരുവരെയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12.45 ഓടെ സുജിത്ത് മരിച്ചു. പരിക്കേറ്റ സുധീഷ് ചികിത്സയിലാണ്.
അക്രമത്തിനിടെ ഹരീഷിനും വിവേകിനും പരിക്കേറ്റു. മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും 12.20 ഓടെ അഭിഷേക് മരിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചു.