ഗഗാറിനെ വെട്ടി കെ. റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
Tuesday, December 24, 2024 2:39 AM IST
സുൽത്താൻ ബത്തേരി: ഒരു തവണകൂടി ജില്ലാ സെക്രട്ടറിയാകാൻ സാധ്യത നിലനിൽക്കേ അപ്രതീക്ഷിത നീക്കത്തിലൂടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ. റഫീഖ് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലുള്ള 27 അംഗ ജില്ലാ കമ്മിറ്റിയിൽ 16 പേർ കെ. റഫീഖിനെ പിന്തുണച്ചതോടെയാണ് റഫീഖ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടത്. ജില്ലാ സെക്രട്ടറിയായി ഗഗാറിൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന അഭ്യൂഹം നിലനിൽക്കേയാണ് അവസാനനിമിഷം റഫീഖിന്റെ പേര് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നത്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മോശം പ്രകടനവും ബ്രഹ്മഗിരി വിഷയത്തിൽ പാർട്ടിനേതൃത്വത്തിന്റെ പിടിപ്പുകേടും വയനാട്ടിലുണ്ടായ ദുരന്തങ്ങളിലും രാത്രിയാത്ര, ബദൽറോഡ്, റെയിൽവേ, വന്യമൃഗശല്യം തുടങ്ങിയ വയനാടിന്റെ വിഷയങ്ങളിൽ പാർട്ടി നേതൃത്വം കാര്യമായ നടപടികളെടുത്തില്ലെന്നതുമാണ് ഗഗാറിനുതിരിച്ചടിയായത്.
പാർട്ടി നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്കു പണം തിരികെ കൊടുക്കുന്ന കാര്യത്തിൽ ജില്ലാ നേതൃത്വം കാണിച്ച അലംഭാവം സമ്മേളനത്തിന്റെ ആദ്യദിനംതന്നെ രൂക്ഷമായ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇത് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചതാണു പി. ഗഗാറിന് വിനയായതെന്നാണു പ്രതിനിധികൾ വെളിപ്പെടുത്തിയത്.
ഇരുപത്തിയേഴംഗ ജില്ലാ കമ്മിറ്റിയെയും എട്ടംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ഗഗാറിൻ, ഒ.ആർ. കേളു, പി.വി. സഹദേവൻ, വി.വി. ബേബി, എ.എൻ. പ്രഭാകരൻ, കെ. റഫീഖ്, പി.കെ. സുരേഷ്, വി. ഉഷാകുമാരി, കെ. സുഗതൻ, വി. ഹാരീസ്, കെ.എം. ഫ്രാൻസിസ്, പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, ബീന വിജയൻ, പി. വാസുദേവൻ, എം. സെയ്ത്, ജോബിസണ് ജെയിംസ്, എ. ജോണി, എം.എസ്. സുരേഷ്ബാബു, രുക്മിണി സുബ്രഹ്മണ്യൻ, പി.ടി. ബിജു, എം. മധു എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. പി.കെ. രാമചന്ദ്രൻ, സി. യൂസഫ്, എൻ.പി. കുഞ്ഞുമോൾ, പി.എം. നാസർ, ടി.കെ. പുഷ്പൻ എന്നിവരാണു പുതുതായി കമ്മിറ്റിയിലെത്തിയവർ .
സംസ്ഥാന സമ്മേളന പ്രതിനിധികളായി കെ. റഫീഖ്, വി.വി. ബേബി, പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, പി.കെ. സുരേഷ്, ബീന വിജയൻ, പി. വാസുദേവൻ, സുരേഷ് താളൂർ എന്നിവരെയാണ് തെരഞ്ഞെടുത്തത്.