പുൽക്കൂടുകൾക്കു നേരേയുള്ള ആക്രമണം അപലപനീയം: കത്തോലിക്ക കോൺഗ്രസ്
Tuesday, December 24, 2024 2:39 AM IST
കൊച്ചി: പാലക്കാട് സ്കൂളിൽ കരോളിനെതിരേ അക്രമം നടത്തിയതും പുൽക്കൂട് തകർത്തതും അപലപനീയമാണെന്നു കത്തോലിക്ക കോൺഗ്രസ്. കരോൾ അലങ്കോലമാക്കിയവരെ അറസ്റ്റ് ചെയ്തത് പോലെ, പുൽക്കൂട് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ നിയമത്തിനു മുന്പിൽ കൊണ്ടുവരണം.
ക്രിസ്മസ് കാലയളവിൽ പുൽക്കൂടുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അവഹേളനങ്ങളും വലിയ മുറിവുകളേല്പിക്കുന്നതാണ്. ക്രിസ്മസ് വച്ച് രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കരുത്. മതസൗഹാർദം നിറഞ്ഞുനിൽക്കുന്ന കേരള സമൂഹത്തിന്റെ കൂട്ടായ്മ തകർക്കാൻ ശ്രമം നടക്കുന്നതതും അതു മുതലെടുപ്പിന് ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ല.
ഒന്നിലധികം സ്ഥലത്ത് പുൽക്കൂടുകൾക്കും കരോളിനുമെതിരെയുള്ള എതിർപ്പുകളും സ്ഥാപനങ്ങളിൽനിന്ന് ക്രിസ്മസ് പ്രതീകങ്ങൾ എടുത്തുമാറ്റലുമൊക്കെ വാർത്തയാകുമ്പോൾ സംഭവങ്ങൾ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകളായി ഓണവും വിഷുവും പോലെതന്നെ നാനാജാതിമതസ്ഥർ ഒന്നു ചേരുന്ന ആഘോഷമായി ക്രിസ്മസ് കേരളത്തിൽ കൊണ്ടാടുന്നതാണ്.
ശാന്തിയും സമാധാനവും നിറഞ്ഞുനിൽക്കുന്ന ക്രിസ്മസ് ദിനങ്ങളിൽ അശാന്തി പരത്താനുള്ള ശ്രമങ്ങൾ കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കും. ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, അഡ്വ. ബോബി ബാസ്റ്റിൻ, ജീജോ അറക്കൽ, തോമസ് ആന്റണി, ഡെന്നി തെങ്ങുംപള്ളിൽ, അഡ്വ. മനു വരാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.