ക്രിസ്മസ് രാത്രി
Tuesday, December 24, 2024 2:39 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
2025 വർഷംമുന്പ് ക്രിസ്മസ്തലേന്നാൾ പൂർണഗർഭിണിയായ മറിയത്തെയും കൂട്ടി യൗസേപ്പ് പിതാവ് ദാവീദിന്റെ നഗരമായ ബെത് ലഹേമിൽ ദൈവപുത്രനായ ഈശോ മിശിഹായ്ക്ക് മനുഷ്യനായി പിറക്കാൻ ഇടം അന്വേഷിക്കുകയായിരുന്നു. ആ അന്വേഷണയാത്രയെ ഓർമിപ്പിക്കുംവിധം ഓരോ ക്രിസ്മസ് രാത്രിയിലും ദൈവജനം യാത്രചെയ്യുന്നു.
വർഷങ്ങൾക്കുമുന്പ് കാൽനടയായി കൂട്ടുകാരും അയൽക്കാരും ഒരുമിച്ച് ഈ സന്തോഷയാത്ര നടത്തിയിരുന്നു. ഇന്നാകട്ടെ കൂടുതൽ സൗകര്യപ്രദമായി മറ്റൊരു രൂപത്തിലാണെങ്കിലും ക്രിസ്മസ് രാത്രിയിൽ ഈ യാത്രയുണ്ട്. ക്രിസ്മസ് രാത്രിയിൽ വിവിധ സഭകളുടെ പള്ളികളിൽ വ്യത്യസ്തമായ രീതിയിലാണ് ഈ തിരുക്കർമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ലത്തീൻ സഭയുടെ ഔദ്യോഗിക ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ക്രിസ്മസിനു മൂന്ന് കുർബാന ചൊല്ലുന്ന പതിവ് കൃത്യമായി നൽകിയിട്ടുണ്ട്. അതിൽ ഒന്നാണു രാത്രി കുർബാന. പ്രത്യേകമായ ഒരു തിരുക്കർമം ആ കുർബാനയ്ക്കിടയിൽ നൽകിയിട്ടില്ലെങ്കിലും വ്യത്യസ്തമായ പ്രാദേശിക ആചാരങ്ങൾ ലോകമെന്പാടും നിലവിലുണ്ട്. അതിൽ വളരെ പ്രാധാന്യമുള്ളതും അർഥസന്പന്നവുമായ ഒന്നാണ് ഈശോയുടെ ജനനസമയത്ത് മാലാഖമാർ പാടിയ ‘ഗ്ലോറിയ’ ഗീതം ആഘോഷമായി ആലപിക്കുന്നതും ആ സമയത്തു മണിനാദം മുഴക്കുന്നതും. ചിലയിടങ്ങളിൽ പുൽക്കൂട് അനാവരണം ചെയ്യുന്നതും ഉണ്ണീശോയുടെ രൂപം പുൽക്കൂട്ടിൽ സ്ഥാപിക്കുന്നതും പരന്പരാഗതമായി നിലവിലുണ്ട്. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ നല്ല മനസുള്ളവർക്ക് സമാധാനം’’ എന്ന കീർത്തനം ഈശോയുടെ ജനനസമയത്ത് മാലാഖമാർ ആലപിച്ച ഗീതമാണ്.
ഈ ഗീതത്തെ ത്രിത്വകീർത്തനമാക്കി വികസിപ്പിച്ച താണ് ഗ്ലോറിയ അഥവാ മാലാഖമാരുടെ സ്തുതിപ്പ്. ഈ സ്തുതിപ്പോടെയാണു മലബാർ സുറിയാനി പാരന്പര്യത്തിലെ വിവിധ ശുശ്രൂഷകൾ ആരംഭിക്കുന്നതെങ്കിലും ഞായറാഴചകളിലെയും തിരുനാളുകളിലെയും പ്രഭാതപ്രാർഥനയിലാണ് മാലാഖമാരുടെ കീർത്തനം ഒരു ഗാനരൂപത്തിൽ കാണുന്നത്.മലങ്കര സുറിയാനി പാരന്പര്യത്തിൽ മാലാഖമാരുടെ കീർത്തനം ക്രിസ്മസ് രാത്രി ഉൾപ്പെടെ പല ശുശ്രൂഷകളിലെയും പ്രധാന ഗീതമാണ്.
അഗ്നി വിശുദ്ധബൈബിളിലെ വലിയ പ്രാധാന്യമുള്ള പ്രതീകമാണ്. ഈശോയുടെ ജന്മത്തെക്കുറിച്ചു പുതിയനിയമത്തിൽ നാം വായിക്കുന്നു. “നമ്മുടെ ദൈവത്തിന്റെ കാരുണ്യത്താൽ സൂര്യോദയംപോലെ ദൈവം നമ്മെ സന്ദർശിക്കുന്പോൾ ഇരുളിലും മരണത്തിന്റെ നിഴലിലും കഴിഞ്ഞിരുന്നവർക്കു പ്രകാശം വീശുകയും സമാധാനത്തിന്റെ മാർഗത്തിൽ നാം നയിക്കപ്പെടുകയും ചെയ്യും’’ (ലൂക്കാ 1 :8-19). ഈശോ വിജാതീയർക്കു പ്രകാശമായിരിക്കും (ലൂക്കാ 2:32) എന്നു ശിമയോൻ പ്രവചിച്ചു. ഈശോ സ്വയം പ്രഖ്യാപിച്ചു, “ഞാൻ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുന്നില്ല. അവനു ജീവന്റെ പ്രകാശമുണ്ടാകും’’ (യോഹ 8:12). അങ്ങനെ പഠിപ്പിച്ച ഈശോ നാം ഓരോരുത്തരോടുമായി പറഞ്ഞു:
“നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മനുഷ്യർ നിങ്ങളുടെ സദ്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്പിൽ പ്രകാശിക്കട്ടെ’’ (മത്താ 6:16). വിശ്വാസമാകുന്ന എണ്ണയും സദ്പ്രവൃത്തികളാകുന്ന പ്രകാശവും കൈകളിലേന്തി തന്നെ സ്വീകരിക്കാൻ ജാഗ്രതയോടെ ഒരുങ്ങിയിരിക്കുന്നവരെയാണ് ഈശോ സ്വർഗത്തിലേക്കു സ്വീകരിക്കുന്നത്.
ഈ വലിയ ആത്മീയസത്യം വിളിച്ചോതിക്കൊണ്ടാണ് ലോകത്തിന്റെ പ്രകാശമായി, നിതിസൂര്യനായി ഉദയംചെയ്ത ഈശോയുടെ ജന്മോത്സവം അനുസ്മരിക്കുന്ന രാത്രിയിൽ അഗ്നികുണ്ഡം ഉണ്ടാക്കി അതിൽ കുന്തിരിക്കം ഇട്ട് സുറിയാനി സഭകളിൽ തീയുഴിച്ചിൽശുശ്രൂഷ നടത്തുന്നത്.
കുന്തിരിക്കം നമ്മുടെ പ്രാർഥനകൾ സ്വർഗത്തിലേക്കുയരുന്നതിന്റെയും (വെളി 5:8, 8:3), ഈശോമിശിഹായെക്കുറിച്ചുള്ള ജ്ഞാനത്തിന്റെയും പ്രതീകമാണ് (2 കോറി 2:14). അഗ്നി ശുദ്ധീകരിക്കുകയും പ്രകാശിപ്പിക്കുകയും ഉരുക്കുകയോ വേവിക്കുകയോ ചെയ്തു പാകപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതുപോലെ മിശിഹായുടെ പ്രകാശവും ചെയ്യും എന്ന് ഈ ശുശ്രൂഷ നമ്മെ ഓർമപ്പെടുത്തുന്നു.
പശ്ചാത്യ സുറിയാനി പാരന്പര്യം പിന്തുടരുന്ന മലങ്കര സുറിയാനി സഭകളിലും പൗരസ്ത്യ സുറിയാനി പാരന്പര്യം പിന്തുടരുന്ന മലബാർ സുറിയാനി സഭകളിലും ക്രിസ്മസ് രാത്രിയിൽ അർഥപൂർണമായ ഈ പാരന്പര്യം ഇന്നും ആചരിക്കപ്പെടുന്നു.