പൂരം കലക്കൽ വിവാദം: എഡിജിപി റിപ്പോർട്ടിനെതിരേ തിരുവന്പാടി ദേവസ്വം
Tuesday, December 24, 2024 2:39 AM IST
തൃശൂർ: തൃശൂർ പൂരം കലക്കിയത് തിരുവന്പാടി ദേവസ്വമെന്ന എഡിജിപിയുടെ റിപ്പോർട്ടിനെതിരേ ദേവസ്വം. എഡിജിപിയുടെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണു റിപ്പോർട്ടിലെന്നു തിരുവന്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ പറഞ്ഞു.
പൂരം കലക്കൽ സിബിഐ അന്വേഷിക്കണമെന്നും ദേവസ്വത്തിൽ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും ഗിരീഷ്കുമാർ പ്രതികരിച്ചു. എഡിജിപി അജിത്കുമാറിന്റെ ഈ അന്വേഷണറിപ്പോർട്ട് ഡിജിപി തള്ളിയതാണെന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ത്രിതല അന്വേഷണമാണ് ഇനി പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവന്പാടി ദേവസ്വം പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമുള്ള വിവരം പൂരം കഴിഞ്ഞശേഷമാണോ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധാനമുള്ള കേരള പോലീസ് അറിഞ്ഞതെന്ന് ഗിരീഷ്കുമാർ ചോദിച്ചു.
പൂരത്തിനോടനുബന്ധിച്ച് 3500ഓളം പോലീസുകാരും ഉന്നത പോലീസുദ്യോഗസ്ഥരും ഇന്റലിജൻസ് ക്രൈം ഡിപ്പാർട്ട്മെന്റിലെ പ്രമുഖരും ഉൾപ്പെടെ തൃശൂരിൽ ഉണ്ടായിരുന്നു. അന്നൊന്നും ഇവരാരും തിരുവന്പാടിക്കാർ പൂരം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചിട്ടില്ല.
പൂരം ഭംഗിയായി നടത്താനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടത് പോലീസാണ്. ദേവസ്വത്തിലും പൂരക്കമ്മിറ്റിയിലും എല്ലാ രാഷ്ട്രീയപാർട്ടികളിലും പെട്ടവരുണ്ട്. അവരാരും രാഷ്ട്രീയം കളിക്കാറില്ല.
2023ൽ സംഭവിച്ച കാര്യങ്ങൾ 2024ൽ സംഭവിക്കരുതെന്നു കരുതിയാണു തുടക്കം മുതൽക്കേ എല്ലാം ഭംഗിയായി പോകണമെന്നു പറഞ്ഞുകൊണ്ടിരുന്നത്. തങ്ങളുടെ പൂരത്തെ നശിപ്പിക്കാൻ ഒരിക്കലും ശ്രമിക്കില്ലെന്നും ഗിരീഷ്കുമാർ കൂട്ടിച്ചേർത്തു.
ഡിജിപി തള്ളിയ റിപ്പോർട്ട് കുത്തിപ്പൊക്കുന്പോൾ...
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തള്ളിയ റിപ്പോർട്ടാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കി ചർച്ചയാകുന്നത്.
തിരുവന്പാടി ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങളാണ് ഡിജിപിക്ക് അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നു നേരത്തെതന്നെ പുറത്തുവന്ന വിവരങ്ങളാണ്. ഇതു തള്ളിക്കൊണ്ട് ത്രിതല അന്വേഷണത്തിനു നിർദേശം വന്നതിനെത്തുടർന്നുള്ള നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കെയാണ് അജിത്കുമാറിന്റെ പഴയ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.
ആനയെഴുന്നള്ളിപ്പു സംബന്ധിച്ച് തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ആശ്വാസം പകരുന്ന വിധി സുപ്രീം കോടതിയിൽനിന്നു വന്നതിനുപിന്നാലെയാണ് അജിത്കുമാറിന്റെ പഴയ റിപ്പോർട്ട് വീണ്ടും ചർച്ചയായതെന്നതും ശ്രദ്ധേയമാണ്.
തിരുവന്പാടി ദേവസ്വം ബോർഡിനെ പേരെടുത്ത് വിമർശിച്ചാണ് അജിത്കുമാർ റിപ്പോർട്ട് തയാറാക്കിയിരുന്നത്. അതേസമയം, പൂരം അട്ടിമറിക്കാൻ ശ്രമിച്ചതും ഇതുവഴി നേട്ടമുണ്ടാക്കാൻ ശ്രമിച്ചതും ഗൂഢാലോചന നടത്തിയതുമായ തത്പരകക്ഷികൾ ആരാണെന്നോ, ഏതു രാഷ്ട്രീയ പാർട്ടിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. തിരുവന്പാടി ദേവസ്വത്തിലെ ചിലർ തത്പരകക്ഷികളുമായി ചേർന്ന് പൂരംഅട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയെന്ന ലക്ഷ്യവുമായാണ് പൂരം കലക്കാൻ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. എന്നാൽ, മൊഴി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസിന്റെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്.
നിയമവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് തിരുവന്പാടി ദേവസ്വത്തിലെ ചിലർ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും പോലീസ് നിയമപരമായ ഇടപെടൽ മാത്രമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നുമാണ് റിപ്പോർട്ടിലെ മറ്റൊരു ഭാഗം. എന്നാൽ, ഈ റിപ്പോർട്ട് സർക്കാർ തള്ളുകയും ത്രിതല അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.