യുവാവിനെ കൊന്ന് പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ
Friday, December 27, 2024 5:35 AM IST
തൃശൂർ: ചെറുതുരുത്തിയിൽ യുവാവിനെ അടിച്ചുകൊന്ന് ഭാരതപ്പുഴയിൽ തള്ളി. നിലന്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് മരിച്ചത്. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. ചെറുതുരുത്തി സ്വദേശികളായ പാളയംകൊട്ടക്കര വീട്ടിൽ റജീബ് (29), സഹോദരൻ ഷജീർ (25), പുതുശേരി ലക്ഷംവീട് കോളനിയിലെ ചോമയിൽ വീട്ടിൽ സുബൈർ (34), കല്ലഴിക്കുന്നത്ത് വീട്ടിൽ അഷറഫ് എന്ന അച്ചാപ്പു (26), പള്ളത്താഴത്ത് വീട്ടിൽ അബ്ദുൽ ഷഹീർ (30), പുതുശേരി അന്ത്യകുളം വീട്ടിൽ മുഹമ്മദ് ഷാഫി(24) എന്നിവരാണു പിടിയിലായത്. ചെറുതുരുത്തി സിഐ അനന്തകൃഷ്ണൻ, എസ്ഐ നിഖിൽ എന്നിവരടങ്ങുന്ന പോലീസ് സംഘം 24 മണിക്കൂറിനകമാണ് പ്രതികളെ കോയന്പത്തൂരിൽനിന്നും ബേപ്പൂരിൽനിന്നുമായി പിടികൂടിയത്.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തുകയായിരുന്നു. പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. കന്പിവടികൊണ്ടു മർദിച്ചശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സൈനുൽ ആബിദ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സൈനുൽ ആബിദ് നിരവധി കഞ്ചാവുകേസിലെ പ്രതിയാണ്. കഞ്ചാവുകേസിൽ ജയിലിൽ കിടക്കുന്പോഴാണ് റെജീബുമായി പരിചയപ്പെടുന്നത്. ശിക്ഷകഴിഞ്ഞ് ഇറങ്ങിയപ്പോൾ സൈനുൽ ആബിദ് റജീബിന്റെ വീട്ടിൽവന്ന് വിലകൂടിയ ഒരു സാധനം മോഷ്ടിച്ചുകൊണ്ടുപോയി. നിരവധിതവണ ചോദിച്ചിട്ടും അതു തിരിച്ചുതരാത്തതിനെത്തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് എത്തിയത്.
സൈനുലിനെ വേറെ ആളുകൾവഴി വിളിച്ചുവരുത്തി ചെറുതുരുത്തി പുതുശേരി ശ്മശാനംകടവിൽവച്ച് ഇവർ മദ്യപിച്ചു. ചോദ്യംചെയ്യലിനെത്തുടര്ന്ന് ക്രൂരമായി മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിക്കുകയും മരണം ഉറപ്പായപ്പോൾ വെള്ളത്തിലേക്ക് എടുത്തെറിയുകയുമായിരുന്നു. മീൻവല സമീപത്തുവച്ച് മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണുമരിച്ചതുപോലെ വരുത്തിത്തീർത്തശേഷം പ്രതികൾ കടന്നു. സംഘത്തിലെ ഒരാളുടെ ഫോണ് കൃത്യം നടന്ന സ്ഥലത്തു മറന്നുവച്ചതാണു പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.