ക്രിസ്മസ് നാളുകളിലെ അതിക്രമങ്ങൾ ആവർത്തിക്കരുത്: കത്തോലിക്ക കോൺഗ്രസ്
Friday, December 27, 2024 6:12 AM IST
കൊച്ചി: കേരളത്തിൽ ക്രിസ്മസ് നാളുകളിൽ കാരളുകൾക്കും പുൽക്കൂടുകൾക്കും മറ്റ് ആഘോഷങ്ങൾക്കുമെതിരേ നടന്ന അതിക്രമങ്ങൾ ഗൂഢാലോചനകളുടെ ഭാഗമാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ഇത്തരം വർഗീയ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരുകൾ ജാഗ്രത പുലർത്തണം.
പാലയൂർ പള്ളി മൈതാനിയിൽ രാത്രി ഒന്പതിനു കാരൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണ്. ക്രിസ്മസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാൻ ഗൂഢശ്രമങ്ങൾ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. സീറോ മലബാർ സഭയുടെ അധ്യക്ഷൻ പങ്കെടുക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ പള്ളി കോമ്പൗണ്ടിൽ നടക്കുമ്പോൾ അതു തടയാൻ കടന്നുവന്ന പോലീസ് ആരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്. ഇതിനു കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
പാലക്കാട് സ്കൂളിൽ വിഎച്ച്പിയുടെ നേതൃത്വത്തിൽ കാരൾ തടഞ്ഞതും, പുൽക്കൂട് തല്ലിത്തകർത്തതും വർഗീയ ശക്തികളുടെ മനഃപൂർവമായ ഇടപെടലുകളാണ്. പത്തനംതിട്ടയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കാരളുകൾക്കെതിരേ നടന്ന സംഘടിത ആക്രമണങ്ങൾ ഗൂഢാലോചനകളുടെ ഭാഗംതന്നെയാണ്. വർഗീയ ശക്തികളുടെ കളിപ്പാവകളായി സർക്കാർ - രാഷ്ട്രീയ നേതൃത്വങ്ങൾ മാറുന്നത് കേരളത്തെ അരാജകത്വത്തിലേക്കു നയിക്കുമെന്നും ഇത് അനുവദിക്കരുതെന്നും കത്തോലിക്ക കോൺഗ്രസ് നേതൃത്വയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഭാരവാഹികളായ ഡോ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ഡേവിസ് ഇടകളത്തൂർ, ബെന്നി പുളിക്കക്കര, ജോർജ്കുട്ടി പുല്ലേപ്പള്ളിൽ, ജോസഫ് പാറേക്കാട്ട്, വർഗീസ് തമ്പി, ജേക്കബ് ചക്കാത്തറ, ആൻസമ്മ സാബു, ജോയ്സ് മേരി ആന്റണി, അഡ്വ. ഷീജ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.