നോവലില്‍ പറഞ്ഞു, ജീവിതത്തില്‍ ചെയ്തു ഇനി രണ്ടാമൂഴമില്ല...
ഇ. അനീഷ്
Friday, December 27, 2024 6:12 AM IST
കോഴിക്കോട്: എം.ടിയുടെ തിരക്കഥ ഉപയോഗിക്കാന്‍ അനുവാദം കിട്ടിയാല്‍ അത് രണ്ടു കൈയുംനീട്ടി സ്വീകരിക്കാന്‍ തയാറായിരുന്നു മലയാളസിനിമയിലെ മുന്‍നിര സംവിധായകർ എല്ലാവരും. പക്ഷേ അങ്ങനെയൊന്നും തിരക്കഥ കൈവിട്ടുകൊടുക്കുന്നയാളായിരുന്നില്ല എം.ടിയെന്ന് അദ്ദേഹത്തെ സമീപിച്ചവര്ക്കറിയാം.
എന്നാൽ, തനിക്ക് വയലാര്‍ അവാര്‍ഡ് നേടിത്തന്ന ‘രണ്ടാമൂഴം’ എന്ന നോവലിന്റെ കാര്യത്തില്‍ വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. ആ കനമുള്ള തിരക്കഥ ഏറ്റെടുത്തു നടത്താനുള്ള ധൈര്യം ആര്ക്കുമുണ്ടാകാത്തതുകൊണ്ടാണോ എന്തോ എംടിയുടെ ആ ആഗ്രഹം മാത്രം നടന്നില്ല. നടന്നിരുന്നുവെങ്കില്‍ അതു സിനിമാ ലോകത്തെ തനതു സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായേനെ എന്നു ചിന്തിക്കുന്നവരാണ് ആ തിരക്കഥയെ അടുത്തറിയുന്നവര്‍.
അവസാന നിമിഷം വരെയും ‘രണ്ടാമൂഴ’ത്തിന് എന്തു സംഭവിച്ചുവെന്നു പറയാനോ അതുമായി ബന്ധപ്പെട്ട മറ്റു ചര്‍ച്ചകള്‍ക്കോ എം.ടി തയാറായിരുന്നില്ല. സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റായിരുന്നു എംടിയുടെ രണ്ടാമൂഴത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. എം.ടിയുടെ ചരിത്രകഥകള്‍ എന്നും അതിശക്തമായി സിനിമാരൂപത്തിലാക്കാറുള്ളസംവിധായകന് ഹരിഹരന് പോലും എന്തുകൊണ്ടോ അതിനു തുനിഞ്ഞില്ല. ചെയ്യാമെന്ന് ഏറ്റതാകട്ടെ മലയാളികള്‍ക്ക് അത്രയൊന്നും പരിചിതനല്ലാത്ത പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോനും. നാലുവര്‍ഷമാണ് എം.ടി.
എഴിതിയ രണ്ടാമൂഴം എന്ന തിരക്കഥ ശ്രീകുമാര്‍ മേനോന് കൈയില്‍ കൊണ്ടുനടന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭീമന് എന്ന കേന്ദ്രകഥാപാത്രത്തിന്റ രൂപഘടനവരെ തയാറാക്കിയിരുന്നു.
പക്ഷേ, ഒന്നും നടന്നില്ല. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന് പറഞ്ഞിരുന്നത്. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷവും സിനിമയുടെ ചിത്രീകരണംപോലും തുടങ്ങിയില്ല. പ്രമുഖ വ്യവസായി ബി.ആര്. ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ മുന്നോട്ടു വന്നത്. ആയിരം കോടി മുടക്കിയാകും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കിയെങ്കിലും ഒന്നുംനടന്നില്ല. ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി ഒടിയന് എന്ന സിനിമ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്തു. അത് പ്രതീക്ഷിച്ച വിജയം നേടിയില്ല.
‘രണ്ടാമൂഴ’ത്തിന്റെ കാര്യത്തില്‍ ഒടുവില്‍ കോടതിയെ സമീപിച്ച് എം.ടി. തിരക്കഥ തിരികെ വാങ്ങി. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം.ടി. സംവിധായകനു കൈമാറിയത്. മഹാഭാരതകഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണു കേന്ദ്ര കഥാപാത്രം. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. ഇതായിരുന്നു രണ്ടാമൂഴം എന്ന നോവലിന്റെ കാതല്‍. നോവലില്‍ ഭീമന് പറയുന്ന ഒരു ഡയലോഗുണ്ട്: “ശത്രുതയുള്ള മനുഷ്യനു രണ്ടാമത് അവസരം നല്‍കരുത്...’’ അതുതന്നെയാണ് എം.ടി ചെയ്തതും.
സിതാരയിലേക്ക് തിരക്കഥ തേടി...
താന്‍ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നുവെങ്കില്‍ അത് ഏറ്റവും മികച്ച സംവിധായകരിലൂടെത്തന്നെ വെള്ളിത്തിരയില്‍ എത്തണമെന്ന നിര്‍ബന്ധബുദ്ധി എം.ടിക്കുണ്ടായിരുന്നു.
ഐ.വി. ശശിക്കും ഹരിഹരനും വേണ്ടിയാണ് എം.ടി ഏറ്റവുമധികം തിരക്കഥകൾ എഴുതിയിട്ടുള്ളത്. ഇരുവർക്കുംവേണ്ടി 11 വീതം തിരക്കഥകൾ. തൃഷ്ണ, ആരൂഢം, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, രംഗം, ഇടനിലങ്ങൾ, ഉയരങ്ങളിൽ, അഭയംതേടി, മിഥ്യ എന്നിവയാണ് ഐ.വി. ശശി, എം.ടിയുടെ തിരക്കഥയിൽ ചെയ്ത സിനിമകൾ. ഹരിഹരനുവേണ്ടി ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശിരാജ, ഏഴാമത്തെ വരവ് എന്നീ സിനിമകൾക്കും തിരക്കഥ രചിച്ചു.
ഭരതനുവേണ്ടി എഴുതിയ വൈശാലി, താഴ്വാരം എന്നീ തിരക്കഥകളും അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ, കാമറമാൻ വേണു സംവിധാനം ചെയ്ത ദയ, പ്രതാപ് പോത്തൻ സംവിധായകനായ ഋതുഭേദം, പവിത്രന്റ ഉത്തരം, സിബിമലയിൽ സംവിധാനം ചെയ്ത സദയം, ഹരികുമാർ സംവിധാനം ചെയ്ത സുകൃതം എന്നീ സിനിമകളുടെ തിരക്കഥകളും എം.ടി യുടെ തൂലികയിൽ പിറന്നവയാണ്.
പ്രമേയ വൈവിധ്യത്താലും കലാമേന്മയാലും ശ്രദ്ധേയങ്ങളായ എം.ടിയുടെ തിരക്കഥകൾ സാമ്പത്തിക വിജയവും ഉറപ്പാക്കിയിരുന്നതിനാൽ നിർമാതാക്കളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തായിരുന്നു എം.ടി. വാസുദേവൻനായർ. മലയാളത്തിൽ എല്ലാ കാലത്തും തിരക്കഥാകൃത്തുക്കൾ നിർമാതാക്കളെയും സംവിധായകരെയും തേടി പോകുമ്പോൾ എം.ടി യുടെ തിരക്കഥ ലഭിക്കാൻ കൊട്ടാരം റോഡിലെ ‘സിത്താര’യിലേക്ക് എത്താറുണ്ടായിരുന്നു. പുതിയ തലമുറയില്‍പ്പെട്ട സംവിധായകരിൽ ലാൽ ജോസിനു മാത്രമാണ് എം.ടി തിരക്കഥ നൽകിയത്. അതു പോലും പഴയ ‘നീലത്താമര’ യുടെ പുതുക്കിയ തിരക്കഥയായിരുന്നു.