സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നടപടി ഗവർണർ അവസാനിപ്പിക്കണം: ടി.പി. രാമകൃഷ്ണൻ
Saturday, December 14, 2024 1:18 AM IST
തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യവും തകർത്തു കാവിവത്കരിക്കാനുള്ള നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ.
സർവകലാശാലകളുടെ ജനാധിപത്യത്തിന്റെയും സ്വയംഭരണത്തിന്റെയും ഭാഗമായാണു സിൻഡിക്കറ്റുകൾ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ തുടർച്ചയായാണ് അവർക്കു നൽകിയിട്ടുള്ള അധികാരങ്ങൾ.
സിൻഡിക്കറ്റ് തീരുമാനങ്ങൾ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം വൈസ് ചാൻസലർക്കുണ്ട്. എന്നാൽ ഗവർണറുടെ കാവിവത്കരണ അജണ്ടയുടെ ഭാഗമായി പിൻവാതിൽ നിയമനം നേടിയ വൈസ് ചാൻസലർമാർ സംഘപരിവാർ അജണ്ടകൾ മാത്രമേ നടപ്പിലാക്കൂവെന്ന സമീപനമാണു സ്വീകരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ താത്പര്യപ്രകാരം ഗവർണർ നടത്തിക്കൊണ്ടിരിക്കുന്ന നിലപാടുകളെ സംബന്ധിച്ച് യുഡിഎഫ് അഭിപ്രായം വ്യക്തമാക്കണമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.