തൊണ്ണൂറ്റഞ്ചിന്റെ മധുരം പങ്കുവച്ച് ടി. പദ്മനാഭൻ
Saturday, December 14, 2024 1:18 AM IST
പയ്യന്നൂർ: കഥകളുടെ തമ്പുരാൻ ടി. പദ്മനാഭന്റെ 95-ാം ജന്മദിനം ആഘോഷിച്ചു. പോത്താംകണ്ടം ആനന്ദഭവനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
സംഗീത സംവിധായകരായ വിദ്യാധരൻ, എം. ജയചന്ദ്രൻ, ഇന്ത്യൻ കലകൾ, സംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന ഡോ. റോക്സാനെ കമയാനി, എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, കെ.ജി. വേണുഗോപാൽ, സിനിമാനടി ഷീല തുടങ്ങിയവർ പിറന്നാൾ ആഘോഷത്തിൽ ആശംസകൾ നേരാൻ എത്തിയിരുന്നു.
ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച ചെണ്ട മേളം, കുറിച്ചി നടേശന്റെയും സംഘത്തിന്റെയും അർജുന നൃത്തം, ടി.എം. പ്രേംനാഥിന്റെ മയൂര നൃത്തം എന്നിവയും അരങ്ങേറി. കേക്ക് മുറിക്കലും പിറന്നാൾ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.