ദിലീപിനെതിരേ മൊഴി നല്കിയ സംവിധായകന് ബാലചന്ദ്രകുമാര്‍ അന്തരിച്ചു
Saturday, December 14, 2024 1:18 AM IST
ചെങ്ങന്നൂര്‍: സംവിധായകന് പി. ബാലചന്ദ്രകുമാര്‍ (52) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ചെങ്ങന്നൂരിലെ കല്ലിശേരി ഡോ. കെ.എം. ചെറിയാന് ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ 5:45 നായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടര്ന്നിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. ഭാര്യ ഷീല, മകന് പങ്ക്ജ് കൃഷ്ണ, സംസ്കാരം പിന്നീട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്. തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു.
ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരേ ചുമത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായിരന്നു.