ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾ മരിച്ചു
Friday, December 13, 2024 2:09 AM IST
കല്ലടിക്കോട്(പാലക്കാട്): സ്കൂൾവിട്ട് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് സിമന്റ് ലോറി ഇടിച്ചുകയറി നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയന്പാടം വളവിലായിരുന്നു അപകടം.
കരിന്പ ചെറുള്ളി പള്ളിപ്പുറം അബ്ദുൾ സലാമിന്റെ മകൾ ഇർഫാന ഷെറിൻ (13), പെട്ടേതൊടി അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ (13), കൗളെങ്ങിൽ സലീമിന്റെ മകൾ നിത ഫാത്തിമ (13), അത്തികൽ ഷറഫുദീന്റെ മകൾ ആയിഷ (13) എന്നിവരാണു മരിച്ചത്. മറ്റൊരു വിദ്യാർഥിനിക്കു പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് റോഡിന്റെ വലതുവശത്തുകൂടി നടന്നുപോകുകയായിരുന്നു കുട്ടികൾ. മരിച്ച നാലു പേരും കരിന്പ സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ്.
മണ്ണാർക്കാട് ഭാഗത്തേക്കുപോയ സിമന്റ് ലോറിയാണു കുട്ടികളുടെ ദേഹത്തേയ്ക്കു മറിഞ്ഞത്. മറ്റൊരു ലോറി തട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. അപകടസ്ഥലത്ത് ചാറ്റൽമഴയുണ്ടായിരുന്നു.
മുന്നിൽ പോയിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ പെട്ടെന്നു ബ്രേക്ക് ചെയ്ത ലോറിയാണു തെന്നി സിമന്റ് ലോറിയിൽ ഇടിച്ചത്. സിമന്റ് ലോറി നിയന്ത്രണംവിട്ടു പാഞ്ഞുവരുന്നതുകണ്ട് ഒരുകുട്ടി ഓടിമാറി.
മറ്റുള്ളവർക്ക് ഓടിമാറാൻ സാധിച്ചില്ല. അവരുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ലോറിക്കടിയിൽ അകപ്പെട്ട കുട്ടികളെ തച്ചമ്പാറയിലെയും മണ്ണാർക്കാട്ടെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു. മൂന്നു കുട്ടികൾ സംഭവസ്ഥലത്തും ഒരു കുട്ടി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുമാണു മരിച്ചത്.
വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ 7.30 മുതൽ ഒരുമണിക്കൂർ കരിമ്പ സർക്കാർ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു സംസ്കാരത്തിനായി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
അപകടസ്ഥലത്ത് മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ. ശാന്തകുമാരി എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.