വയനാട് ദുരിതാശ്വാസം; ദുരന്തനിവാരണ ഫണ്ടില്‍ 61.53 കോടി മാത്രം
Friday, December 13, 2024 2:09 AM IST
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ റിലീഫ് ഫണ്ടില്‍ ശേഷിക്കുന്നത് 61.53 കോടി മാത്രമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
അധിക ധനസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മെമ്മോറാണ്ടം നല്കിയപ്പോള് എസ്ഡിആര്എഫില് ഉണ്ടായിരുന്നത് 588.83 കോടി രൂപയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും ചേര്‍ത്ത് ഒക്ടോബര്‍ ഒന്നിന് ഇത് 782.99 കോടി രൂപയായി.
നിലവില്‍ എസ്ഡിആര്‍എഫിലെ കണക്കില്‍ 700.5 കോടി രൂപയാണുള്ളത്. എന്നാല്‍, 2024-25 വര്‍ഷത്തില്‍ വിവിധ ഇനങ്ങളിലായി 638.97 കോടി രൂപ ഇതിനകംതന്നെ ബാധ്യതയുണ്ട്. ശേഷിക്കുന്നതാണ് 61.53 കോടി രൂപയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വയനാട്ടില്‍ പുനരധിവാസത്തിന് ആവശ്യമുള്ളത് 90 ഹെക്ടർ ഭൂമിയാണ്. പുനരധിവാസത്തിന് ഭൂമി വാങ്ങാന്‍ എന്ഡിആര്എഫിലോ എസ്ഡിആര്എഫിലോ വ്യവസ്ഥയില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഈ മാസം 11 വരെ ലഭിച്ചിരിക്കുന്നത് 682 കോടി രൂപയാണ്. നഷ്ടപരിഹാരം, ആശുപത്രിച്ചെലവ്, വാടക ഉള്‍പ്പെടെ ഒരു വിഹിതം ഈ ഫണ്ടില്‍നിന്നു നല്‍കിയിട്ടുണ്ട്.
എന്നാല്‍, പുനര്‍നിര്‍മാണ കാര്യങ്ങള്‍ക്കായി കേന്ദ്രം അനുവദിക്കുന്നത് കുറഞ്ഞ തുകയായതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ആശ്രയിക്കാതിരിക്കാനാകില്ല. ദുരിതബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി 2221 കോടി രൂപയുടെ കണക്ക് സംസ്ഥാനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.