വയനാട് ദുരിതാശ്വാസം; വാദപ്രതിവാദങ്ങൾ നിർത്തി പരിഹാരം കാണൂ: കോടതി
Friday, December 13, 2024 2:09 AM IST
കൊച്ചി: വയനാട് ദുരന്തസഹായത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും കണക്കുകളും നിരത്തി പരസ്പരം വാദം നടത്താതെ പ്രശ്നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം നടത്തണമെന്നു ഹൈക്കോടതി.
ആഘാതം കണക്കിലെടുത്ത് മതിയായ സഹായം നല്കാന് വ്യവസ്ഥകളില്‍ ശാഠ്യം പിടിക്കാതെ തുറന്ന മനസ് കാട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
എസ്ഡിആര്‍എഫ് വിനിയോഗമടക്കം കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
പണം ലഭ്യമാകണമെങ്കില്‍ അതിനുവേണ്ട അപേക്ഷ സംസ്ഥാനം നല്‍കണമെന്ന് കോടതി പറഞ്ഞു. ചെലവിനത്തില്‍ എസ്ഡിആര്‍എഫില്‍നിന്ന് നല്‍കാനുള്ള തുകയും പ്രതീക്ഷിക്കുന്ന തുകയും വ്യക്തമാക്കി വിനിയോഗ സര്‍ട്ടിഫിക്കറ്റ് ദുരന്തപ്രതികരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് ഒപ്പിട്ടു നല്‍കണം. ഇതു 18ന് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.