മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കരുത്: മുസ്ലിം ലീഗ്
Friday, December 13, 2024 2:09 AM IST
കോഴിക്കോട്: ന്യായമായ അവകാശത്തോടെ മുനമ്പത്തു താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി.
പ്രശ്നം നിയമപരമായും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പത്തെ പ്രശ്നപരിഹാരത്തിനു മുസ്ലിംലീഗ് വലിയ തോതിലുള്ള പരിശ്രമം നടത്തിയിട്ടുണ്ട്. മതസംഘടനാ നേതാക്കളുടെ യോഗം വിളിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കി. ഫറൂഖ് കോളജിന്റെ അവകാശികളെ കണ്ടു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് അടക്കമുള്ള മതപണ്ഡിതരുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകള്‍ക്ക് എല്ലാ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ ഉണ്ടായി. പൊതുസമൂഹം ഈ പരിശ്രമങ്ങള്‍ അംഗീകരിച്ചു.
മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. പ്രശ്നപരിഹാരത്തിനു നിയോഗിക്കപ്പെട്ട കമ്മീഷന് ഇത്തരത്തില്‍ ഈ വിഷയം പരിഹരിക്കുന്ന വിധത്തിലുള്ള തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുനമ്പം പ്രശ്നത്തില്‍ സാമുദായിക സൗഹാര്‍ദം ഉറപ്പു വരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളിലും മതിപ്പുളവാക്കുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയ സയിദ് സാദിഖലി ശിഹാബ് തങ്ങളെ യോഗം അഭിനന്ദിച്ചു. ഈ പ്രവര്‍ത്തനങ്ങളുമായി അഭംഗുരം മുന്നോട്ടുപോകണമെന്നു യോഗം അഭ്യര്‍ഥിച്ചു.
സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് അന്തിമമാണ്. നേരത്തേ സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ മുസ്ലിം ലീഗിനുള്ളത്. ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഇ.ടി. മുഹമ്മദ് ബഷീറും കെ.എം. ഷാജിയും പാര്‍ട്ടി നിലപാടിനെതിരേ പ്രസംഗിച്ചതു സംബന്ധിച്ച ചോദ്യങ്ങളില്‍നിന്നു പി.കെ. കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി.
ഇന്ത്യയില്‍ ന്യൂനപക്ഷ സമൂഹം നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നു പ്രവര്‍ത്തകസമതി യോഗം വിലയിരുത്തി. ഭരണത്തലവന്മാര് മുതല്‍ നീതിന്യായ സംവിധാനങ്ങള്‍ വരെ ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതു ദൗര്‍ഭാഗ്യകരമാണ്.
ക്രിസ്തീയ ന്യൂനപക്ഷത്തിനുനേരേ മണിപ്പുരില്‍ ദീര്‍ഘകാലമായി ഭരണകൂടത്തിന്റെ പിന്തുണയോടെ വംശീയ കലാപം നടക്കുന്നു. അവരുടെ ജീവനും സ്വത്തും ആരാധനാലയങ്ങളും നശിപ്പിക്കുന്ന സാഹചര്യമാണ് അവിടെയുള്ളതെന്നു യോഗം അഭിപ്രായപ്പെട്ടു.
വയനാട് പ്രകൃതിദുരന്തത്തിന് ഇരയായവര്‍ക്ക് വീടുവച്ചുനല്‍കാന്‍ ഭൂമി കണ്ടെത്തുന്നതിനു സര്‍ക്കാരിന്റെ ഭാഗത്ത് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ സ്ഥലം വാങ്ങി 100 വീടുകള്‍ നിര്മിച്ചുനല്കാന് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.