വൈക്കം സത്യഗ്രഹം സാമൂഹ്യ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായി: എം.കെ. സ്റ്റാലിൻ
Friday, December 13, 2024 2:09 AM IST
വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി വേളയില്‍ ഈടുറ്റ സ്മാരകമായി വൈക്കത്തിന്റെ മണ്ണില്‍ തന്തൈ പെരിയാറിന്റെ പേരില്‍ നവീകരിച്ച സ്മാരകവും ഗ്രന്ഥാലയവും നാടിനു സമര്‍പ്പിച്ചു.
വൈക്കം വലിയ കവലയില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ച വൈക്കംസത്യഗ്രഹ സമരനായകരിലൊരാളായിരുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കറുടെ സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയതിന്റെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിര്‍വഹിച്ചു.
ബീച്ച് മൈതാനത്ത് പൊതുസമ്മേളനം എം.കെ. സ്റ്റാലിന് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള്‍ക്കും പ്രചോദനമായെന്ന് എം.കെ.സ്റ്റാലിന് അനുസ്മരിച്ചു. പിണറായി വിജയന് അധ്യക്ഷത വഹിച്ചു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് കേരളവും തമിഴ്നാടും മുന്നോട്ടു വയ്ക്കുന്നതെന്ന് പിണറായി വിജയന് പറഞ്ഞു.
വൈക്കം പുരസ്കാര ജേതാവ് കന്നട എഴുത്തുകാരന് ദേവനൂര മഹാദേവനെ എം.കെ. സ്റ്റാലിന് ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷന്‍ കെ. വീരമണി വിശിഷ്ടാതിഥിയായി. മന്ത്രിമാരായ വി.എന്‍. വാസവന്, സജി ചെറിയാന്, തമിഴ്നാട് ജലസേചന മന്ത്രി ദുരൈ മുരുകന്, പൊതുമരാമത്തുമന്ത്രി എ.വി. വേലു, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം.പി. സ്വാമിനാഥന്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, സി.കെ. ആശ എംഎല്‍എ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, തമിഴ്നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
കേരള-തമിഴ്നാട് ബന്ധം മാതൃക: പിണറായി വിജയന്
കേരളത്തിന്റെ പ്രശ്നങ്ങളില്‍ തമിഴ്നാടും, തമിഴ്നാടിന്റെ പ്രശ്നങ്ങളില്‍ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍, നിരന്തര കൈകടത്തലുകള്‍ ഉണ്ടാവുന്ന ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ ഇടയിലും സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.