സ്കൂൾ പരീക്ഷാരീതിയിൽ സമഗ്ര മാറ്റം: റിപ്പോർട്ട് സമർപ്പിച്ചു
Friday, December 13, 2024 2:09 AM IST
തിരുവനന്തപുരം: ലളിതവും കഠിനവും ശരാശരി നിലവാരമുള്ളതുമായ ചോദ്യങ്ങൾ മിശ്രണം ചെയ്ത് സംസ്ഥാനത്തെ സ്കൂൾ പരീക്ഷാ ചോദ്യങ്ങൾ പുതിയരീതിയിലേക്ക് വരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷക പരിശീലന സമിതി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.
ഒരു പരീക്ഷയിൽ ആകെയുള്ള ചോദ്യങ്ങളിൽ 20 ശതമാനം കഠിനമായ ചോദ്യങ്ങളും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് എസ്സിഇആർടിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എസ്സിഇആർടിയുടെ സ്റ്റേറ്റ് അസസ്മെന്റ് സെല്ലാണ് പുതിയ ചോദ്യ പേപ്പറിന്റെ കരട് തയാറാക്കി സർക്കാരിനു നല്കിയിട്ടുള്ളത്. ഇതിന്റെ തുടർ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും.
വരുന്ന മൂന്ന് അധ്യയനവർഷങ്ങളിലായി എട്ടു മുതൽ 10 വരെയുള്ള ക്ലാസുകളുടെ പരീക്ഷകളിൽ ഈ രീതി നടപ്പാക്കുമെന്നാണ് സൂചന.