ആക്രമണക്കേസ്; വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
Friday, December 13, 2024 2:09 AM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത. വിചാരണക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹംകൂടി അറിയട്ടേയെന്നും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്ന നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമവാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയതിനു പിന്നാലെയാണ് അതിജീവിതയുടെ പുതിയ ഹര്‍ജി.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹംകൂടി അറിയട്ടേയെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ ഇരയല്ല, അതിജീവിതയാണെന്നും സ്വകാര്യതയുടെ വിഷയങ്ങളൊന്നും ഇക്കാര്യത്തിൽ ഇല്ലെന്നും വിചാരണക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസിന്റെ വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നുവരുന്നത്.