എല്ലാവരുടെയും രക്ഷകനായ ഈശോ
Friday, December 13, 2024 2:09 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ദൈവപുത്രനായ ഈശോമിശിഹായുടെ ജനനസമയത്ത് മാലാഖ ആട്ടിടയന്മാർക്കു പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു: “സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.’’ (ലൂക്ക 12:10). ഈശോമിശിഹായുടെ ജനനം “സകല ജനത്തിനുംവേണ്ടിയുള്ള’’ നല്ല വാർത്തയാണ്. ദൈവപുത്രന്റെ ജനനത്തിന് ദൈവം ഏബ്രഹാമിന്റെ സന്തതിപരന്പരയെ തെരഞ്ഞെടുത്തപ്പോൾ ഏബ്രഹാമിനോടു ദൈവം പറഞ്ഞത്, “നിന്നിലൂടെ സകല ജനതകളും അനുഗ്രഹിക്കപ്പെടും’’ (ഉല്പ 12:3) എന്നാണ്.
ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത് ഇന്നലെയും ഇന്നും നാളെയും ഉള്ള, ഉണ്ടായിട്ടുള്ള, ഉണ്ടാകാനിരിക്കുന്ന സകല മനുഷ്യർക്കും വേണ്ടിയാണ്. എന്തെന്നാൽ ഈശോമിശിഹ ഇന്നലെയും ഇന്നും എന്നും ഒരേയാൾതന്നെയാണ് (ഹെബ്രാ 13:8). ഒരു വംശത്തിന്റെയോ ഒരു ജാതിയുടെയോ ഒരു മതത്തിന്റെയോ സ്വകാര്യതയല്ല ഈശോമിശിഹായും അവിടുത്തെ സുവിശേഷവും. “എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്’’ (1 തിമോ 3:4).
എന്താണ് ഈ സത്യം? “നമ്മുടെയെല്ലാം പിതാവായ ദൈവം ഒരുവൻ മാത്രം’’ (എഫേ 4:6). എന്നതാണ് ആദ്യമായും അടിസ്ഥാനപരമായും രക്ഷയ്ക്ക് അറിഞ്ഞിരിക്കേണ്ട സത്യം. കാരണം ഈ സത്യത്തിൽനിന്നാണ് ദൈവമനുഷ്യ ബന്ധവും മനുഷ്യർ തമ്മിൽ തമ്മിലുള്ള ബന്ധവും ആരംഭിക്കുന്നതും വളർച്ച പ്രാപിക്കുന്നതും.
നമ്മുടെയെല്ലാം എന്നുവച്ചാൽ, സകല മനുഷ്യരുടെയും പിതാവ് ഒരേ ഒരുവനാണെങ്കിൽ നാം എല്ലാവരും പിതാവായ ദൈവത്തിന്റെ പുത്രീപുത്രന്മാരും പരസ്പരം സഹോദരീസഹോദരന്മാരുമാണ്. പിതാവായ ദൈവത്തിന്റെ സാർവത്രിക പിതൃത്വമാണ്, മക്കളായ മനുഷ്യവംശത്തിന്റെ സാർവത്രിക സാഹോദര്യത്തിന് അടിസ്ഥാനം. സാർവത്രിക സാഹോദര്യം രക്ഷപ്രാപിക്കാൻ അറിഞ്ഞിരിക്കേണ്ട സത്യവും ആദ്യസുവിശേഷവുമാണെങ്കിൽ, രക്ഷപ്രാപിക്കാൻ, സ്വർഗം സ്വന്തമാക്കാൻ അറിഞ്ഞിരിക്കേണ്ട രണ്ടാമത്തെ സത്യം മനുഷ്യർ എല്ലാവരും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ് എന്നതാണ്.
വിശുദ്ധ ബൈബിളിലെ ആദ്യ അധ്യായത്തിൽ എഴുതിവച്ചിരിക്കുന്ന ഈ സത്യം (ഉല്പ 1:27-28), മനുഷ്യരായ നമ്മെ ക്ഷണിക്കുന്നത് എല്ലാ മനുഷ്യരിലും ദൈവമുഖം ദർശിച്ച് അവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ശുശ്രൂഷിക്കാനുമാണ്. ഇത് സ്വർഗപ്രാപ്തിക്ക് അനിവാര്യമാണെന്ന് വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നു (മത്താ 25:31-46).
ഈ സത്യം അറിയിക്കാനും രക്ഷ പ്രാപിക്കാനുമുള്ള ഈ മാർഗം മനുഷ്യരെ പഠിപ്പിക്കാനുമാണ് ഈശോമിശിഹാ മനുഷ്യനായി അവതരിച്ചത്. കൂടാതെ മനുഷ്യർ ഈ സുവിശേഷത്തിന് വിരുദ്ധമായി ചെയ്ത സകല പാപങ്ങൾക്കും കുരിശിലെ ബലിവഴി പരിഹാരം ചെയ്യാനുമാണ് ദൈവപുത്രൻ മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചത്.
വെള്ളത്തിൽ മുങ്ങുന്നവനെ, എടുത്തുചാടി ജീവൻ നൽകി, സ്വയം മരണംവരിച്ച് രക്ഷിക്കാം. എന്നാൽ, അതോടൊപ്പം ഒരുവനെ നീന്തൽ പഠിപ്പിക്കുകവഴിയും മുങ്ങിമരിക്കുന്നതിൽനിന്നു രക്ഷിക്കാം. രണ്ടും ചെയ്തവനാണ് ഈശോ. ഈശോ രക്ഷയുടെ മാർഗം പഠിപ്പിക്കുകയും മനുഷ്യരെ രക്ഷിക്കാൻ സ്വയം ബലിയായിത്തീരുകയും ചെയ്തു.
സ്വർഗരാജ്യം എല്ലാവർക്കുംവേണ്ടി സജ്ജമാക്കപ്പെട്ടതാണ്. രക്ഷയുടെ മാർഗം സ്വീകരിക്കുന്ന എല്ലാവർക്കും അവിടെ പ്രവേശനമുണ്ട്. വ്യഭിചാരിണിയുടെ പാപം പൊറുത്ത്, “മേലിൽ പാപം ചെയ്യരുത്” എന്ന താക്കീതോടെ വെറുതേവിട്ട ദൈവപുത്രൻ, പാപമാർഗം വെടിഞ്ഞ മറ്റൊരു വ്യഭിചാരിണിയായിരുന്ന മഗ്ദലനമറിയത്തിന് തന്റെ ഉത്ഥാനത്തിനു ശേഷം ആദ്യദർശനം നൽകി, താൻ ഇന്നും ജീവിക്കുന്നു എന്ന് ശ്ലീഹന്മാരെ അറിയിക്കാൻ പറഞ്ഞുവിട്ടു.
വ്യഭിചാരിണിയിൽ ദൈവമുഖം ദർശിച്ചതുകൊണ്ടാണ് ഈശോ അപ്രകാരം പ്രവർത്തിച്ചത്. പാപിയിൽ പാപത്തേക്കാൾ ഉപരി ദൈവമുഖം ദർശിക്കാൻ തുടങ്ങുന്പോഴേ നാം രക്ഷയുടെ മാർഗത്തിലാണെന്നു നമുക്ക് കരുതാനാകൂ.