പാഞ്ഞടുത്ത ദുരന്തം
Friday, December 13, 2024 2:09 AM IST
മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാത നവീകരിച്ചതിനുശേഷം കല്ലടിക്കോടിനും തച്ചമ്പാറയ്ക്കുമിടയിൽ ഇതുവരെയുണ്ടായതു ചെറുതും വലുതുമായ 56 അപകടങ്ങൾ. 12 പേർ മരിച്ചു. 146 പേർക്കു പരിക്കേറ്റു.
വളവുകൾ നിവർത്താതെയും കയറ്റങ്ങളും ഇറക്കങ്ങളും ക്രമീകരിക്കാതെയും നിർമിച്ച പാതയെക്കുറിച്ചു നാട്ടുകാർ വളരെ മുന്പുതന്നെ പരാതിയുയർത്തിയിരുന്നതാണ്.
പനയമ്പാടം വളവിൽ അപകടങ്ങൾ പതിവാണ്. ഈ വളവിൽമാത്രം ഇതിനകം16 അപകടങ്ങളാണുണ്ടായത്. കരിമ്പ പള്ളിപ്പടി മുതൽ തുപ്പനാട് പാലം വരെയുള്ള മൂന്നു കിലോമീറ്റർ ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ.
റോഡ് നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാർ പലതവണ അധികാരികൾക്കു പരാതികൾ നൽകിയിരുന്നു. വി.കെ. ശ്രീകണ്ഠൻ എംപി പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. കെ. ശാന്തകുമാരി എംഎൽഎ നിയമസഭയിലും വിഷയം സബ്മിഷനായി ഉന്നയിച്ചു.
നടപടി സ്വീകരിക്കാമെന്നു വകുപ്പുമന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പള്ളിപ്പടി ദുബായ്ക്കുന്നു മുതൽ ചെറിയ പനയമ്പാടം വരെ റോഡിൽ മിനുസമുള്ള ഭാഗം കാർവ് ചെയ്തു ഗ്രിപ്പിട്ടെങ്കിലും ക്രമേണ വീണ്ടും പ്രതലം മിനുസമായിത്തീർന്നിരുന്നു.
ചാറ്റൽമഴയത്തുപോലും വാഹനങ്ങൾ തെന്നിമറിയുന്നതും നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുന്നതും പതിവാണ്. പലയിടത്തും അപകട മുന്നറിയിപ്പു ബോർഡുകളില്ല.നാട്ടുകാരുടെ പരാതിയെത്തുടർന്ന് പനയമ്പാടത്ത് വളവിൽ ബോർഡ് വച്ചിരുന്നു. ഈ ബോർഡിനു മുന്നിലാണ്് ഇന്നലെ അപകടമുണ്ടായി കുട്ടികൾ മരിച്ചത്.
ഇനിയില്ല അവർ; വിങ്ങലോടെ അധ്യാപകരും കൂട്ടുകാരും
കല്ലടിക്കോട് (പാലക്കാട്): അടുത്തടുത്ത വീടുകളിൽനിന്ന് ഒരുമിച്ച് കളിച്ചുചിരിച്ച് വർത്തമാനംപറഞ്ഞ് പരീക്ഷയ്ക്കായി സ്കൂളിലേക്കു പോയവർ. പരീക്ഷ കഴിഞ്ഞതും അവർ അഞ്ചുപേരും വിശേഷങ്ങൾ പറഞ്ഞ് റോഡരികിലൂടെ നടന്നു വീട്ടിലേക്കു മടങ്ങി. ആ യാത്ര പാതിവഴിയിൽ മുടക്കി, ലോറിയുടെ രൂപത്തിലെത്തിയ ദുരന്തം അവരുടെ ജീവനുകൾ കവർന്നു.
കരിമ്പ സർക്കാർ സ്കൂളിലെ എട്ട് ഡി, എഫ് ക്ലാസുകളിലെ വിദ്യാർഥിനികളാണു മരിച്ച നാലു പേരും. ഒപ്പമിരുന്നു പഠിച്ച്, കളിച്ചുനടന്നിരുന്ന കൂട്ടുകാർ ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടുകയാണു സഹപാഠികളും അധ്യാപകരും.
ലോറി പാഞ്ഞുവരുന്നതുകണ്ട് ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി ഓടി മറുവശത്തേക്കു ചാടി രക്ഷപ്പെട്ടു. മറ്റുള്ളവർ ഓടിമാറാൻ ശ്രമിച്ചെങ്കിലും അവരുടെ മുകളിലേക്കു ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടികളെ ലോറിക്കടിയിൽനിന്നു പുറത്തെടുത്തത്.