പനയന്പാടത്ത് ജനരോഷം അണപൊട്ടി
Friday, December 13, 2024 2:09 AM IST
കല്ലടിക്കോട്: സ്ഥിരം അപകടമേഖലയായ പനയന്പാടത്ത് നാലു കുട്ടികൾകൂടി മരിച്ചതോടെ ജനരോഷം ആളിക്കത്തി. അശാസ്ത്രീയമായ റോഡ് നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. വാഹനങ്ങളും തടഞ്ഞു.
ലോറി മാറ്റാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ തയാറല്ലെന്നും നാട്ടുകാർ നിലപാടെടുത്തതോടെ പോലീസുമായി വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി. പോലീസല്ല, കളക്ടറും മന്ത്രിയും അടക്കമുള്ള ഉന്നത അധികാരികൾ സ്ഥലത്തെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
റോഡിൽ കുത്തിയിരുന്ന നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. പരീക്ഷയായതിനാലാണു റോഡരികിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതെന്നും അല്ലെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കൂടുമായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു.
കരിന്പ പഞ്ചായത്തിലാണു പനയന്പാടം. ഇറക്കവും വളവുമാണ് ഈ ഭാഗത്തെ അപകടക്കെണി. റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾ കുറഞ്ഞില്ല.
സമീപത്തെ രണ്ടു സ്കൂളുകളിലായി ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്നുണ്ട്. ഈ വഴിയിലൂടെ എന്തു വിശ്വസിച്ച് കുട്ടികളെ അയയ്ക്കുമെന്നാണു രക്ഷകർത്താക്കളുടെ ചോദ്യം.