ഉഗ്രശബ്ദം കേട്ടു നടുങ്ങി പരിസരവാസികൾ
Friday, December 13, 2024 2:08 AM IST
കല്ലടിക്കോട്: റോഡിൽനിന്നു വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആദ്യം കണ്ടതു പൊടിപടലം. സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടമാണെന്നു തിരിച്ചറിഞ്ഞപ്പോൾ കുട്ടികളെക്കുറിച്ചുള്ള ആശങ്കയായി.
സ്ഥിരം അപകടമേഖലയായ ഈ പ്രദേശത്തു മുന്പും പല അപകടങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും ഇത്ര ദാരുണമായ ഒന്ന് ആദ്യമാണെന്നു പരിസരവാസികൾ പറഞ്ഞു.
സ്കൂൾ വിട്ടുവരുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ രക്ഷകർത്താക്കൾ സമീപത്തുണ്ടായിരുന്നു.
വിവരമറിഞ്ഞതോടെ ഇവരെല്ലാം സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. എത്രപേരാണ്, ആരൊക്കെയാണ് ലോറിക്കടിയിൽ കുടുങ്ങിയതെന്ന ആശങ്കയായിരുന്നു എല്ലാവർക്കും. കൂടുതൽ കുട്ടികൾ അടിയിൽപ്പെട്ടിട്ടുണ്ടെന്ന സംശയമായിരുന്നു രക്ഷാപ്രവർത്തകർക്ക്.
ലോറി ഉയർത്തിയശേഷമാണു കൂടുതൽ പേർ ഇല്ലെന്നു സ്ഥിരീകരിച്ചത്. അപകടത്തിനു പിന്നാലെ ലോറിയുടെ ഡ്രൈവറും ക്ലീനറുമെന്നു കരുതുന്ന രണ്ടുപേർ സമീപത്തെ വീട്ടിലെത്തി വെള്ളം കുടിച്ചു സ്ഥലംവവിട്ടതായി പ്രദേശവാസികളായ വീട്ടമ്മമാർ പറഞ്ഞു.