വനനിയമ ഭേദഗതി ബിൽ ജനദ്രോഹം: കെസിബിസി ജാഗ്രത കമ്മീഷൻ
Friday, December 13, 2024 2:08 AM IST
കൊച്ചി: വനനിയമ ഭേദഗതി ബിൽ ജനദ്രോഹപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഗൗരവമേറിയതും ആശങ്കാജനകവുമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പിഴത്തുകയുടെ വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു നൽകിയിരിക്കുന്ന പരിധി വിട്ട അധികാരങ്ങൾ, മത്സ്യബന്ധനം, പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നവയാണ്.
വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലുമായി മാറുന്നത് അംഗീകരിക്കാനാകവുന്നതല്ല. സംശയത്തിന്റെയോ തെറ്റിദ്ധാരണകളുടെയോ പേരിൽ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും. വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗസാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണ്.
വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകൾ വനനിയമത്തിൽ കൂട്ടിച്ചേർക്കപ്പെടണം. തങ്ങളുടെ പരിധിയിലുള്ള വനത്തിൽനിന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കു പ്രവേശിക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
പ്രദേശത്തിന്റെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾക്ക് ജനോപകാരപ്രദമായ പരിഷ്കരണങ്ങൾ വരുത്താനും സർക്കാർ തയാറാകണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.