ദിലീപിന് പ്രത്യേക പരിഗണന: ഗൗരവതരമെന്നു കോടതി
Friday, December 13, 2024 2:04 AM IST
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ നടന് ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന നല്കിയതു ഗൗരവതരമെന്ന് ഹൈക്കോടതി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മറ്റു ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസിലായെന്നു പറഞ്ഞ കോടതി, എന്തു പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ചോദിച്ചു.
നടന് ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവര്‍ അപ്പുണ്ണി എന്നിവർക്കു സന്നിധാനത്ത് വഴിവിട്ട സഹായം നല്‍കിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സോപാനത്ത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ദര്‍ശനസമയം അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു.
ദര്‍ശനത്തിനുള്ള ആദ്യനിരയില്‍ എന്തു മാനദണ്ഡം അനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ആളുകളെ കയറ്റിവിടുന്നതെന്ന് വിശദീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി.