പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ഫ്ലക്സും: കൈയൊഴിഞ്ഞ് സർക്കാർ
Friday, December 13, 2024 2:04 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: പാതയോരങ്ങളിൽ അനധികൃതമായി കൊടിതോരണങ്ങളും ഫ്ലക്സുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും ശക്തമായ വിമർശനവും താക്കീതും സർക്കാരിനു കിട്ടയതിനു പിന്നാലെ തലയൂരാൻ സർക്കാർ.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ഫ്ലക്സുകളും നീക്കം ചെയ്തില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി തദ്ദേശ സ്ഥാപന സെക്രട്ടറിയായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നത്. സംസ്ഥാനത്തെ പാതയോരങ്ങളിൽ ഏറ്റവും കൂടുതൽ അനധികൃതമായി ബോർഡുകളും കൊടിതോരണങ്ങളും കെട്ടിയിട്ടുള്ളത് രാഷ്ട്രീയ പാർട്ടികളാണ്.
അവരുടെ കൊടിതോരണങ്ങൾ തങ്ങൾ നീക്കം ചെയ്യാൻ എത്തിയാൽ ഒറ്റതിരിഞ്ഞുള്ള ആക്രണമത്തിനാവും രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുകയെന്നും തദ്ദേശ വകുപ്പിന്റെ സർക്കുലർ ശരിക്കും വെട്ടിലാക്കുക തങ്ങളെയാണെന്നുമാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പറയുന്നത്.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും കോടതി ഉത്തരവ് വന്ന് പത്തു ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നീക്കം ചെയ്യണമെന്നും അനധികൃതമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള എല്ലാ ഫ്ളക്സ് ബോർഡുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യുന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണെന്നും സർക്കുലറിൽ പറയുന്നു.
അത്തരത്തിൽ നീക്കം ചെയ്യാത്തവയ്ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരേ കോടതി ഉത്തരവ് പ്രകാരം പിഴ ചുമത്തുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആവശ്യമെങ്കിൽ പോലീസിന്റെ കൂടി സഹായത്തോടെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന നിർദേശമുണ്ട്.