മണിയാർ ജലവൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബിക്കു നഷ്ടക്കച്ചവടം
Friday, December 13, 2024 2:04 AM IST
ബിജു കുര്യൻ
പത്തനംതിട്ട: മണിയാർ ജലവൈദ്യുത പദ്ധതി അടുത്ത 25 വർഷം കൂടി സ്വകാര്യ കന്പനിക്കു കരാർ പുതുക്കി നൽകാനുള്ള തീരുമാനം കെഎസ്ഇബിയുടെ ശക്തമായ എതിർപ്പിനെ മറികടന്ന്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് കാർബൊറാണ്ടം യൂണിവേഴ്സൽ കന്പനിക്കു കരാർ നീട്ടിനൽകാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ പദ്ധതി 1995ലാണ് പ്രവർത്തനം തുടങ്ങിയത്.
12 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി പ്രവർത്തിക്കുന്നത് കാർബോറാണ്ടം യൂണിവേഴ്സൽ കന്പനിയുടെ നിയന്ത്രണത്തിലാണ്. കരാർ കാലാവധി കഴിഞ്ഞാലും ആവശ്യമെങ്കിൽ പദ്ധതിയുടെ നിയന്ത്രണം വേണമെങ്കിൽ ബന്ധപ്പെട്ട കന്പനിക്കു നീട്ടിനൽകാമെന്ന വ്യവസ്ഥ മുഖവിലയ്ക്കെടുത്താണ് കരാർ നീട്ടി നൽകാൻ തീരുമാനമുണ്ടായത്.
30 വർഷ കരാർ കാലാവധി തീരുന്നതിനു പിന്നാലെ ഇത് നീട്ടിനൽകുന്നതിനെ കെഎസ്ഇബി എതിർത്തിരുന്നു. വൈദ്യുതി ബോർഡിന്റെ രണ്ട് മുൻ ചെയർമാൻമാർ ഇതിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു. വൈദ്യുതി മന്ത്രിയോ കാബിനറ്റോ അറിയാതെയാണ് ഇപ്പോൾ കരാർ പുതുക്കാൻ തീരുമാനമുണ്ടായതെന്നു പറയുന്നു.
2018, 2019 വർഷങ്ങളിലെ പ്രളയങ്ങളുടെ ഭാഗമായി വലിയ നാശനഷ്ടം നേരിട്ടുവെന്നും അതിനേത്തുടർന്ന് കന്പനിക്ക് മൂലധനനിക്ഷേപം നടത്തേണ്ടിവന്നുവെന്നും ഇക്കാരണത്താൽ കരാർ നീട്ടിനൽകണമെന്നും ആവശ്യപ്പെട്ടാണ് കന്പനി സർക്കാരിനു കത്തു നൽകിയിരുന്നത്.
കെഎസ്ഇബിയുടെ എതിർപ്പ് ഇങ്ങനെ
കരാർ വ്യവസ്ഥകൾ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന നാശനഷ്ടങ്ങൾ കരാർ നീട്ടി നൽകാൻ കാരണമാക്കേണ്ടതില്ല. 2018ലെ പ്രളയകാലത്ത് വലിയ നിക്ഷേപങ്ങൾ കാർബൊറാണ്ടം കന്പനി നടത്തിയതായി അറിയിച്ചെങ്കിലും രേഖകൾ ഒന്നും തന്നെ കെഎസ്ഇബിക്കു നൽകിയിരുന്നില്ല. മണിയാർ സംഭരണി കവിഞ്ഞൊഴുകിയതോടെ പവർഹൗസിലേക്ക് വെള്ളം കയറിയിരുന്നു. സമീപപ്രദേശങ്ങളിലെ ചെറുകിട പദ്ധതികളിലെല്ലാം സമാനരീതിയിൽ നഷ്ടം സംഭവിച്ചതാണ്.
അധിക മൂലധന നിക്ഷേപം നടത്തണമെങ്കിൽ ഇക്കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെയാകണമെന്നാണ് വ്യവസ്ഥ. പ്രളയകാലത്തുണ്ടാകുന്ന നാശനഷ്ടങ്ങൾ കരാർ വ്യവസ്ഥകളിലുള്ള അപ്രതീക്ഷിത സാഹചര്യമാണ്. ഇത്തരം സാഹചര്യം 120 ദിവസത്തിൽ കൂടുതലായാൽ ഉഭയധാരണ പ്രകാരം കരാർ റദ്ദാക്കുകയോ തുടരുകയോ ചെയ്യാം. എന്നാൽ അത്തരം ആവശ്യങ്ങളൊന്നു കന്പനി സർക്കാരിനെയോ കെഎസ്ഇബിയെയോ അറിയിച്ചിരുന്നില്ല.
പ്രതിവർഷം ഉത്പാദനം 36 ദശലക്ഷം യൂണിറ്റ്
പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് മണിയാർ പദ്ധതി. നാല് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളിൽ നിന്നാണ് 12 മെഗാവാട്ടാണ് സ്ഥാപിതശേഷി. ജലസേചന വകുപ്പിന്റെ മണിയാർ സംഭരണിയിൽ എത്തുന്ന വെള്ളമാണ് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്.
കാർബൊറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പാണ് പവർ ഹൗസും ജനറേറ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. ഇവർ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകും. പകരം കൊച്ചിയിൽ കന്പിയുടെ ആവശ്യത്തിനു വൈദ്യുതി നൽകണമെന്നതാണ് വ്യവസ്ഥ.
ജലവൈദ്യുത ഉത്പാദനത്തിൽ നാമമാത്ര ചെലവാണുണ്ടാകുന്നത്. എന്നാൽ അധികവിലയ്ക്കു വാങ്ങുന്ന വൈദ്യുതിയാണ് കൊച്ചിയിൽ കാർബൊറാണ്ടം കന്പനിക്കു നല്കേണ്ടിവരുന്നത്. 12 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നേരിട്ട് ലഭ്യമാകുന്നതാണ് ലാഭകരമെന്നാണ് വൈദ്യുതി ബോർഡ് നിഗമനം.