സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് അമൽ ജ്യോതിയിൽ തുടക്കമായി
Friday, December 13, 2024 2:04 AM IST
കാഞ്ഞിരപ്പള്ളി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോമായ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ തുടക്കമായി. നൂതനമായ ആശയങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഹാക്കത്തോൺ നടത്തപ്പെടുന്നത്.
ഇന്ത്യയിൽ 51 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന ഹാക്കത്തോൺ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ നടക്കുന്ന ഹാക്കത്തോണിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി ഓൺലൈനിലൂടെ സംവദിച്ചു.
സോഷ്യൽ ജസ്റ്റസ് ആൻഡ് എംപവർമെന്റ്, ആയുഷ് മന്ത്രാലയങ്ങൾ തെരഞ്ഞെടുത്തു ദൈനംദിന ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന അഞ്ചു പ്രശ്നങ്ങൾക്ക് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി പുതുമയാർന്ന പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നായി 153 വിദ്യാർഥികളും 28 മെന്റേഴ്സും അടങ്ങുന്ന 26 ടീമുകളാണ് ഹാക്കത്തോണിൽ പങ്കെടുക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധസമിതി തുടർച്ചയായി നടത്തുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. വിജയികളാകുന്ന അഞ്ചു ടീമുകൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നൽകും. ഹാക്കത്തോൺ 15ന് രാത്രി എട്ടിന് സമാപിക്കും.