ഇന്നുമുതൽ ഇ-ഓഫീസ് പരിഷ്കരണം; നാലു ദിവസം ഫയൽ നീക്കം വൈകും
Friday, December 13, 2024 2:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഫയൽ നീക്കത്തിന് ഉപയോഗിക്കുന്ന ഇ-ഓഫീസിന്റെ ഡാറ്റബേസ് സോഫ്റ്റ്വേർ പരിഷ്കരണം ഇന്നു മുതൽ 16 വരെ നടക്കും.
ഇ-ഓഫീസ് അപ്ഡേഷൻ നടക്കുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലും സർക്കാർ ഓഫീസുകളിലും ഫയൽ നീക്കം വൈകിയേക്കും. ഈ ദിവസങ്ങളിൽ എഴുതി തയാറാക്കുന്ന പേപ്പർ ഫയലുകളായാണ് കൈകാര്യം ചെയ്യേണ്ടതെന്നാണു നിർദേശം.
ഫയൽ പരിഷ്കരണം നടത്തുന്ന നാലു ദിവസങ്ങളിൽ രണ്ടു ദിനം അവധിയാണ്. രണ്ടാം ശനിയും ഞായറും. നാലു ദിവസത്തെ ഇ-ഓഫീസ് അപ്ഡേഷൻ ജോലികൾ നീണ്ടുപോയാൽ ഫയൽ നീക്കം വീണ്ടും വൈകാനും സാധ്യതയുണ്ടെന്നാണു ജീവനക്കാർ പറയുന്നത്. ഇ-ഫയൽ നീക്കവുമായി ബന്ധപ്പെട്ട നിലവിലെ പോരായ്മകൾ പരിഹരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
എൻഐസിയാണ് സർക്കാർ ഓഫീസുകളിലെ ഇ-ഓഫീസ് പരിഷ്കരണം നടത്തുന്നത്. ഇ-ഓഫീസ് അപ്ഡേഷൻ സംബന്ധിച്ച് ഐടി വകുപ്പ് സർക്കുലർ പുറത്തിറങ്ങി. സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും ഇ-ഓഫീസ് സംവിധാനം വഴിയാണ് നടപ്പാക്കുന്നത്.
വളരെ അത്യാവശ്യമുള്ള ഫയലുകൾ മാത്രമാണ് പേപ്പർ ഫയലായി പോകുന്നത്. സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നാണു കണക്ക്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഉയരാൻ ഇത് ഇടയാക്കുമോയെന്ന ആശങ്കയുമുണ്ട്.