മംഗളവാർത്ത നൽകുന്ന ജീവിതപാഠം
Thursday, December 12, 2024 1:28 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ക്രിസ്മസ് കാലത്ത് ഉണ്ണീശോയോടൊപ്പം ഏറ്റവും കൂടുതൽ നാം കാണുന്ന മനുഷ്യവ്യക്തിയാണ് ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകമറിയം.
പരിശുദ്ധ കന്യകമറിയത്തെ വിശുദ്ധ ബൈബിളിൽ നാം ആദ്യമായി കണ്ടുമുട്ടുന്നത് വിശുദ്ധ മത്തായി അറിയിച്ച സുവിശേഷത്തിലാണ്. മറിയത്തിന്റെ ഭർത്താവായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വിശുദ്ധ യൗസേപ്പ്, തന്നോടൊപ്പം സഹവസിക്കുന്നതിനു മുന്പ് മറിയം ഗർഭിണിയായി എന്ന് അറിഞ്ഞപ്പോൾ അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനമെടുക്കുന്ന രംഗത്തിലാണ് ഈ ആദ്യപരാമർശം.
യഥാർഥത്തിൽ ഗബ്രിയേൽ മാലാഖ മറിയത്തോട് ദൈവപുത്രൻ അവളിൽനിന്നു പിറക്കാൻപോകുന്നു എന്ന മംഗളവാർത്ത അറിയിച്ചപ്പോൾ മറിയം സന്തോഷിക്കുകയല്ല ചെയ്തത്, മറിച്ച് ഭയപ്പെടുകയും ആകുലയാകുകയുമാണ്. ഈ ഭയത്തിനും ആകുലതയ്ക്കും വലിയ ഗൗരവമുള്ള കാരണങ്ങളുണ്ട്. അതുകൊണ്ടാണ് മറിയം മാലാഖയോട് സംഭാഷണത്തിൽ ഏർപ്പെടുന്നതും ഇത് എങ്ങനെ സംഭവിക്കും എന്ന് എടുത്തുചോദിക്കുന്നതും. ഭർത്താവിനോടൊത്ത് സഹവസിക്കാതെ ഒരു സ്ത്രീ ഗർഭസ്ഥയായാൽ അവളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം എന്നാണ് യഹൂദ നിയമം. മറിയത്തിന് ഈ അപകടം അറിയാമായിരുന്നതുകൊണ്ടാണ് ഭയപ്പെടുകയും ആകുലയാകുകയും ചെയ്തത്.
എന്നാൽ, മാലാഖയോടുള്ള സംഭാഷണത്തിൽ ദൈവഹിതം എന്താണെന്നു തിരിച്ചറിഞ്ഞ മറിയം, “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഹിതം എന്നിൽ നിറവേറട്ടെ’’ എന്നു പറഞ്ഞുകൊണ്ട് ആ ദൈവികനിയോഗം ഏറ്റെടുക്കുകയായിരുന്നു. അപ്രകാരം ദൈവിക നിയോഗം ഏറ്റെടുത്തപ്പോഴുള്ള സാമൂഹിക പ്രതികരണവും അവഹേളിതയായാലുള്ള മരണവും അവൾ പ്രതീക്ഷിച്ചിരുന്നു എന്നു വേണം കരുതാൻ. എന്തുതന്നെയായാലും മറിയം ആ വലിയ വെല്ലുവിളി ഏറ്റെടുത്തു.
ഈ വിവരം അറിഞ്ഞ യൗസേപ്പിന് വേണമെങ്കിൽ മറിയത്തെ കല്ലെറിഞ്ഞു കൊല്ലാൻ വിട്ടുകൊടുക്കാമായിരുന്നു. എന്നാൽ, അവളെ അപമാനിതയാക്കാൻ യൗസേപ്പ് ആഗ്രഹിക്കായ്കയാൽ മറിയത്തെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
നീതിമാനായ യൗസേപ്പ് കാരുണ്യമുള്ളവനായിരുന്നു. ഇന്നായിരുന്നുവെങ്കിൽ ഒരുപക്ഷേ മറിയത്തോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുമായിരുന്നു. കാരണം, എത്രയോ നിഷ്കളങ്ക ശിശുക്കളെയാണ് ഇക്കാലഘട്ടത്തിൽ തങ്ങളുടേതല്ലാത്ത കാരണത്താൽ അമ്മയുടെ വയറ്റിൽവച്ചുതന്നെ നിഷ്കരുണം കൊന്നുകളയുന്നത്. വിശുദ്ധ യൗസേപ്പിന്റെ കാര്യത്തിലും “ശാന്തമായി ചിന്തിച്ചുകൊണ്ടിരുന്നതും’’ മാലാഖയുടെ സ്വപ്നത്തിലുള്ള അറിയിപ്പുമാണ് മറിയത്തെ ഉപേക്ഷിക്കുന്നതിൽനിന്നും കല്ലെറിഞ്ഞു കൊല്ലുന്നതിൽനിന്നും ഒരർഥത്തിൽ രക്ഷിച്ചത്.
മറിയം മാലാഖയോടുള്ള സംഭാഷണംവഴി ദൈവഹിതം തിരിച്ചറിയുന്നു. അതുപോലെതന്നെ വിശുദ്ധ യൗസേപ്പ് പെട്ടെന്നു കയറി തീരുമാനമെടുക്കാതെ ശാന്തനായി, പ്രാർഥനാപൂർവം ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം തന്റെ മാലാഖയെ അയച്ച് സംശയം ദൂരീകരിക്കുന്നു. ഈ രണ്ടു വ്യക്തികളും സംഭവങ്ങളും തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും പ്രതിസന്ധികൾ പരിഹരിക്കുന്നതിനും മനുഷ്യരുടെ മുന്നിൽ വലിയ മാതൃകകളാണ്. തെറ്റിദ്ധാരണകളും പ്രതിസന്ധികളും പ്രശ്നങ്ങളും ആരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ്.
അത്തരം സന്ദർഭങ്ങളിൽ എടുത്തുചാടി തീരുമാനങ്ങളെടുത്ത് സ്വയം നശിക്കാതെ, മറ്റുള്ളവരെ നശിപ്പിക്കാതെ, അവയെ അഭിമുഖീകരിക്കാനുള്ള മാർഗങ്ങളാണ് യൗസേപ്പും മറിയവും മംഗളവാർത്ത സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. മുൻവിധിയും ഉപാധികളും ഇല്ലാത്ത, തുറന്ന സംഭാഷണത്തിലൂടെയും ശാന്തമായ കാത്തിരിപ്പിലൂടെയും പ്രാർഥനാപൂർവം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്പോൾ ദൈവം ആ കാര്യത്തിൽ ഇടപെടും എന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന ഗുണപാഠം.