ദുരിതാശ്വാസനിധിയിലേക്ക് 13,922 കോടി വേണം; ധന കമ്മീഷനോട് കേരളം
Wednesday, December 11, 2024 1:42 AM IST
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളുടെ ആഘാതം വലിയതോതിൽ ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണമെന്നു ധന കമ്മീഷനോട് കേരളം.
ദുരന്തങ്ങളുടെ ആഘാതം വർധിക്കുന്നതിനനുസരിച്ച് അടിയന്തര ദുരിതപ്രതികരണ പ്രവർത്തനങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്രവിഹിതം നൂറു ശതമാനം ഉയർത്തണം.
സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചിൽ, അതിതീവ്ര മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണം. ദൈർഘ്യമേറിയ തീരദേശം, ജനസാന്ദ്രത, വിസ്തൃത വനമേഖല, തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണം, സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള തൊഴിൽപരമായ കുടിയേറ്റം, മുതിർന്ന പൗരന്മാരുടെ എണ്ണത്തിലെ വർധന തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തിന്റെ പൊതുചെലവ് ഉയർത്തുന്നു.
കേരളത്തിലെ 30 ശതമാനം ജനങ്ങൾ തീരദേശത്താണു താമസിക്കുന്നത്. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ നിരപ്പ് ഉയരുന്നതും വെല്ലുവിളിയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യുചെലവ് ഉയർത്തുന്നു.
മുതിർന്ന പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഗണിച്ച് പ്രത്യേക ഉപാധിരഹിത ഗ്രാന്റുകൾ ലഭ്യമാക്കണം.
സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശങ്ങളിൽ കേന്ദ്രസർക്കാർ കൈകടത്തൽ നടത്തുന്നതായും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്. നികുതി വിഹിതം സംസ്ഥാനങ്ങൾക്കു വിഭജിച്ചു നൽകുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിർദേശങ്ങൾ, ഗ്രാന്റുകൾ യഥാസമയം ലഭ്യമാക്കാനുള്ള നടപടികൾ ധനകാര്യ കമ്മീഷനു നൽകിയ നിവേദനത്തിൽ കേരളം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും മന്ത്രിമാരും ധനകമ്മീഷൻ ചെയർമാനും അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയാണു കേരളത്തിന്റെ നിവേദനം കൈമാറിയത്.