നിരക്കു വർധനയ്ക്കു പുറമേ സർചാർജും ഈടാക്കണമെന്ന് കെഎസ്ഇബി
Wednesday, December 11, 2024 1:42 AM IST
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധനവിനു പിന്നാലെ ജനുവരി മുതൽ 17 പൈസ ഇന്ധന സർചാർജ് കൂടി പിരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി.
ഇന്ധന സർചാർജ് സംബന്ധിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്നലെ നടത്തിയ പൊതുതെളിവെടുപ്പിലാണ് കെഎസ്ഇബി അധികൃതർ ഇന്ധന സർചാർജ് പിരിക്കാനുള്ള അനുമതി തേടിയത്.
ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.1 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്നും ഇത് നികത്തുന്നതിനായാണ് 17 പൈസ സർചാർജ് ഈടാക്കാൻ അനുമതി തേടിയതെന്നും കെഎസ്ഇബി അറിയിച്ചു.
എന്നാൽ സർചാർജായി വലിയ തുക പിരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. അതിനാൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾക്കു പകരം മൂന്നു മാസത്തെ കണക്കുകൾ തയാറാക്കി വീണ്ടും അപേക്ഷ സമർപ്പിക്കാനും കമ്മീഷൻ കെഎസ്ഇബിക്കു നിർദേശം നൽകി.
മുൻകാലത്തെ ബാധ്യതകൾ തീർക്കാൻ 19 പൈസയാണ് നിലവിൽ സർചാർജായി കെഎസ്ഇബി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്. ഇത് ഡിസംബറിൽ അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജനുവരി മുതൽ 17 പൈസ സർചാർജ് ഈടാക്കാൻ കെഎസ്ഇബി അനുമതി തേടിയത്.
പുതുക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ സർചാർജ് ഈടാക്കാൻ അനുമതി തേടി കെഎസ്ഇബി അപേക്ഷ നൽകിയാൽ റെഗുലേറ്ററി കമ്മീഷൻ അത് അനുവദിക്കാനാണ് സാധ്യത.