വയനാട് ദുരിതബാധിതർക്കു വീട്: കേരളം ആശയവിനിമയം നടത്തിയില്ലെന്ന് പിണറായിക്കു കത്തയച്ച് സിദ്ധരാമയ്യ
Wednesday, December 11, 2024 1:42 AM IST
തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ 100 വീടുകൾ വച്ചു നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനത്തിൽ ഇതുവരെയും കേരള സർക്കാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
സ്ഥലം വാങ്ങിയും വീടു വച്ചുനൽകാൻ തയാറാണെന്നും എന്തു ചെയ്യണമെന്നു കേരള സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറയുന്നു.
ദുരന്തം നടന്ന വയനാട്ടിൽ സന്ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരളത്തിനായി മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്കു നൂറ് വീടുകൾ വച്ചു നൽകാമെന്നു പ്രഖ്യാപിച്ചിരുന്നു. കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.