വയനാട് സഹായധനം: അമിത് ഷായെ തള്ളി മുഖ്യമന്ത്രി
Tuesday, December 10, 2024 1:58 AM IST
തിരുവനന്തപുരം: വയനാടിനു കിട്ടേണ്ട കേന്ദ്രസഹായം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം. അദ്ദേഹം മുൻപും ഇതു ചെയ്തിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് വ്യാജമായി ഉദ്ധരിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ മുന്പു ശ്രമിച്ചു. കേന്ദ്രം ഉരുൾ പൊട്ടലിനെപ്പറ്റി കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നിട്ട് കേരളം എന്തു ചെയ്തു എന്നുമുള്ള ചോദ്യമാണ് അമിത് ഷാ അന്ന് പാർലമെന്റിൽ ഉന്നയിച്ചത്.
അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോൾത്തന്നെ തെളിവു സഹിതം വ്യക്തമാക്കപ്പെട്ടു. അന്നത്തേതിന്റെ ആവർത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാർലമെന്റിലെ പ്രസ്താവനയെയും കാണാൻ. വയനാട് ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
റിപ്പോർട്ട് നവംബർ 13ന് നല്കി
നേരത്തേ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) നടത്തി വിശദമായ റിപ്പോർട്ട് നവംബർ 13ന് കേന്ദ്രസർക്കാരിനു നൽകിയിട്ടുണ്ട്.
റിക്കവറി ആൻഡ് റീകണ്സ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ട് വൈകിയതുകൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ നിന്നുള്ള എംപിമാർക്കുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ്.
കേരളത്തോടു മാത്രം അവഗണന
2023 ഒക്ടോബറിൽ സിക്കിമിലും 2023 ജനുവരിയിൽ ഉത്തരാഖണ്ഡിലെ ജോഷിമഠിലും 2023ജൂലൈയിൽ ഹിമാചൽ പ്രദേശിലും ദുരന്തങ്ങൾ ഉണ്ടായപ്പോൾ ആ സംസ്ഥാനങ്ങൾ പിഡിഎൻഎ തയാറാക്കിയത് ദുരന്തം നടന്ന് മൂന്നു മാസങ്ങൾക്കു ശേഷമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിഡിഎൻഎ തയാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണമെന്നത് ഈ സംസ്ഥാനങ്ങളുടെ അനുഭവങ്ങളിൽനിന്നു വ്യക്തമാണ്. ഇത്രയും സമയം മാത്രമേ കേരളവും എടുത്തിട്ടുള്ളൂ. മറ്റൊരു കാര്യം കേന്ദ്രം പറയുന്നത്, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ഫണ്ടുണ്ട് എന്നാണ്.
എസ്ഡിആർഎഫ് ഫണ്ടുകൾ ഉപയോഗിച്ചാണ് കേരളത്തിൽ വർഷാവർഷം ഉണ്ടാകുന്ന ചെറുതും വലുതുമായ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്. ഓരോ വർഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികൾ ആ നിധിയിൽനിന്നും നടത്തിവരുന്നുണ്ട്. കണിശമായ മാനദണ്ഡങ്ങൾ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കാൻ കഴിയൂ.
ആവശ്യപ്പെടുന്ന കണക്കുകൾ ഹൈക്കോടതി നിഷ്കർഷിക്കുന്ന ഫോർമാറ്റിൽ സമർപ്പിക്കാൻ സർക്കാർ ഒരുക്കമാണ്. കണക്കില്ലാത്തതുകൊണ്ടല്ല, മറിച്ച് ആ നിശ്ചിത മാതൃക തയാറാക്കാൻ കുറച്ച് സമയം ആവശ്യമുണ്ട് എന്നതാണ് വിഷയം. ഇത് വാദം നടന്നപ്പോൾതന്നെ കോടതിയെ സർക്കാർ അഭിഭാഷകർ അറിയിച്ചതാണ്. അപ്പോഴാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഫിനാൻസ് ഓഫീസറോട് നേരിട്ടു ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
394 .95 കോടി രൂപയാണ് എസ്ഡിആർഎഫിലെ നീക്കിയിരിപ്പ് കേന്ദം എസ്ഡിആർഎഫിലേക്ക് 145 .60 കോടി രൂപകൂടി പിന്നീട് അനുവദിച്ചു. രണ്ടും കൂടി 588.95 കോടി രൂപ എസ്ഡിആർഎഫ് ബാലൻസ് ആണ് ദുരന്ത ഘട്ടത്തിൽ ഉണ്ടായിരുന്നത്.
മേപ്പാടിയിൽ വ്യക്തിഗത സഹായം ഇനി നൽകുവാൻ ബാക്കിയുള്ളത് വീടുകൾ തകർന്നതുമായി ബന്ധപ്പെട്ടും കൃഷി നാശം, മൃഗ സംരക്ഷണ മേഖല എന്നിവയുമായി ബന്ധപ്പെട്ടും മാത്രമാണ്. ഇതെല്ലാം ചേർത്താലും ദുരിതാശ്വാസ സഹായം 20 കോടിയിലധികം ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.