എയ്ഡഡ് സ്കൂൾ നിയമനം ; സർക്കുലർ പിൻവലിക്കും
Tuesday, December 10, 2024 1:58 AM IST
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കും.
വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് ഇന്നലെ പൊതുവിദ്യാഭ്യാ സ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. സ്ഥിരം ഒഴിവുകളില്‍ ദിവസവേതന നിയമം നടത്താനുള്ള ഉത്തരവിനെ യോഗത്തില്‍ മാനേജര്‍മാര്‍ എതിര്‍ത്തു.
മാനേജര്‍മാരുടെ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെയും സര്‍ക്കാരിനെയും അറിയിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള ഉത്തരവിറക്കും. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് സ്കൂള്‍ മാനേജര്‍മാരുടെ പ്രതീക്ഷ.
സര്‍ക്കാരില്‍നിന്നും അനുകൂലമായ ഉത്തരവുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് സ്കൂള്‍ മാനേജ്മെന്റുകള്‍ തയാറെടുക്കുന്നത്. കേരള എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി മണി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇന്നലെ മാനേജ്മെന്റുകളുടെ യോഗം വിളിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനമെടുത്തത്.