മുനമ്പം ഭൂമി: കെ.എം. ഷാജിയുടെ പ്രസ്താവന തള്ളി സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
Tuesday, December 10, 2024 1:58 AM IST
മലപ്പുറം: മുനമ്പത്തേതു വഖഫ് ഭൂമിയാണെന്ന കെ.എം. ഷാജിയുടെ പരാമര്‍ശം തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
മുനമ്പത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണു ലീഗ് നിലപാടെന്ന് സാദിഖലി തങ്ങള്‍ ആവര്‍ത്തിച്ചു. മുനമ്പം ഭൂമി പ്രശ്നത്തില്‍ മുസ്ലിം ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ലീഗ് നിലപാട്.
അതല്ലാത്ത അഭിപ്രായങ്ങളൊന്നും ലീഗിന്റെ നിലപാടല്ല. ഇനി ഈ വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണു ലീഗിന്റെ നയമെന്നും തങ്ങള്‍ വ്യക്തമാക്കി.
കെ.എം. ഷാജിയുടെ പ്രസംഗത്തെക്കുറിച്ചും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. പ്രസംഗിക്കുമ്പോള്‍ ഓരോരുത്തരും ഓരോ ശൈലി സ്വീകരിക്കുമെന്നും അതു ലീഗ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നതു സംബന്ധിച്ചാണു ചര്‍ച്ചയെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണത്തിലേക്കു പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ഭൂമിയാണോ അല്ലയോ എന്നതു സംബന്ധിച്ച് അന്വേഷിക്കാൻ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണു തീരുമാനമെടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനന്പത്തെ ഭൂമി വഖഫ് ചെയ്തതിനു രേഖകളുണ്ടെന്നും വഖഫ് ഭൂമിയല്ലെന്നു പറയാൻ ഫാറൂഖ് കോളജിന് എന്ത് അധികാരമാണുള്ളതെന്നുമുള്ള മുൻ എംഎൽഎ കെ.എം.ഷാജിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.