സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം
Tuesday, December 10, 2024 1:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്കി.
വാഹനം വാങ്ങിയാല്‍ ഉടമയുടെ മേല്‍വിലാസം ഏത് ആര്‍ടിഒയുടെ പരിധിയിലാണോ അവിടെ മാത്രം രജിസ്റ്റര്‍ ചെയ്യുന്നതാണു നിലവിലെ രീതി. എന്നാല്‍ ആറ്റിങ്ങലില്‍ വാഹന രജിസ്ട്രേഷന് നിഷേധിക്കപ്പെട്ട ഒരു വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിന് ഉത്തരവുണ്ടായത്.
കേന്ദ്ര ഗതാഗത ചട്ട പ്രകാരം വാഹന രജിസ്ട്രേഷന് നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വാഹനം എവിടെ രജിസ്ട്രേഷന് ചെയ്യണമെന്ന് ഇതോടെ വാഹന ഉടമയ്ക്കു തീരുമാനിക്കാം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ രജിസ്ട്രേഷനുള്ള സോഫ്റ്റ്വേറില് മാറ്റം വരുത്തും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഏത് ആര്‍ടിഒ ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനാകും.