"കേന്ദ്രം പകപോക്കൽ സമീപനം തുടരുന്നു'; വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ടിൽ മുഖ്യമന്ത്രി
Tuesday, December 10, 2024 1:30 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ(വിജിഎഫ്) കാര്യത്തിലും കേന്ദ്രസർക്കാർ പകപോക്കൽ സമീപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രസർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരൂ എന്ന് കേന്ദ്രസർക്കാർ വീണ്ടും അറിയിച്ചിരിക്കുകയാണ്. വിജിഎഫ് ഗ്രാന്റ് കാര്യത്തിൽ പുലർത്തി വന്ന നയത്തിൽ നിന്നുള്ള വ്യതിയാനമാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നൽകുന്നതാണ്, വായ്പയായി പരിഗണിക്കേണ്ടതല്ല. വിജിഎഫ് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്.
കേന്ദ്രവിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോർട്ട് കന്പനിക്ക് നൽകും. കേന്ദ്രം നൽകുന്ന തുക വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കന്പനിക്ക് (വിസിൽ) ലാഭവിഹിതം ലഭിച്ചു തുടങ്ങുന്പോൾ അതിന്റെ ഇരുപതു ശതമാനംവച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകണം എന്നതാണ് വ്യവസ്ഥ.
അതിനർഥം ഇപ്പോൾ നൽകുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിന്റെ കാലയളവിൽ പലിശനിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10,000-12,000 കോടി രൂപയായി തിരിച്ചടയ്ക്കണം എന്നാണ്.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്രസർക്കാരും അദാനി കന്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണ് വിചിത്രമായ നിബന്ധന.
കൊച്ചി മെട്രോയ്ക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിനു മാത്രമായി തയാറാക്കിയ പുതിയ മാനദണ്ഡം വിജിഎഫിന്റെ തന്നെ സ്റ്റാൻഡേർഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്.
കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിക്കുന്നതിനുമുൻപുതന്നെ വിഴിഞ്ഞത്ത് 70 കപ്പലുകൾ വന്നുപോയി. ഇതുവരെ വിവിധ ഇനങ്ങളിലായി 182 പരം കോടി രൂപ ജിഎസ്ടി കേന്ദ്രസർക്കാരിന് ലഭിച്ചു.
കൊമേഷഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ച് ഒരുവർഷത്തിനകംതന്നെ കേന്ദ്രം മുടക്കുന്ന വിജിഎഫ് ഫണ്ട് ജിഎസ്ടി വിഹിതമായി ലഭിക്കും എന്നിരിക്കെയാണ് പുതിയ സമീപനം കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.