പകുതിയിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഇല്ല!
Tuesday, December 10, 2024 1:30 AM IST
കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പകുതിയിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഇല്ലെന്നു വിവരാവകാശ രേഖ.
ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവിന് വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ആകെയുള്ള 5533 ബസുകളില്‍ 3187 ബസുകള്‍ക്കും ഇന്‍ഷ്വറന്‍സ് ഇല്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.
2345 ബസുകള്‍ക്കു മാത്രമാണ് ഇന്‍ഷ്വറന്‍സ് ഉള്ളത്. ആകെയുള്ള 444 സിഫ്റ്റ് ബസുകള്‍ക്കും ഇന്‍ഷ്വറന്‍സുണ്ട്. ഇല്ലാത്തത് കെഎസ്ആര്‍ടിസിയുടെ മറ്റു ബസുകള്‍ക്കാണ്. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ അപകടത്തിൽപ്പെടുമ്പോള്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ മാനദണ്ഡപ്രകാരമുള്ള തുക നഷ്ടപരിഹാരമായി നല്‍കും.
യാത്രക്കാരന് അപകടത്തിൽപ്പെട്ടാൽ 2015ലെ കെഎസ്ആര്‍ടിസിയുടെ യാത്രക്കാര്‍ക്കുള്ള അപകട സമൂഹ ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കും. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാം. മേല്‍ക്കോടതികള്‍ നിര്‍ദേശിക്കുന്ന തുക അപേക്ഷകന് ലഭിക്കുമെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.