സ്മാർട്ട് സിറ്റി: പൂർണ നിയന്ത്രണം സർക്കാരിനുതന്നെയെന്ന് മുഖ്യമന്ത്രി
Tuesday, December 10, 2024 1:30 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധയുടെ പൂർണ നിയന്ത്രണം സർക്കാരിനുതന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിന്നുപോവില്ല. ഇതു സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്.
246 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിനു നൽകിയാണ് സ്മാർട്ട് സിറ്റി എസ്പിവി രൂപവത്കരിച്ചത്. ഇൻഫോപാർക്കിന് തൊട്ടടുത്തുള്ള ഈ ഭൂമി സർക്കാർ നിയന്ത്രണത്തിൽ കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൂർണമായും സർക്കാർ നിയന്ത്രണത്തിൽ തന്നെയാകും തുടർന്നുള്ള വികസനം. പദ്ധതിയിൽനിന്ന് പിന്മാറുന്പോൾ സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ 84 ശതമാനം ഓഹരിയുടെ വിലയാണ് സംസ്ഥാനം നൽകുന്നത്. ഇതുതന്നെ ഇൻഡിപെൻഡന്റ് ഇവാല്യൂവേറ്റർ തീരുമാനിക്കുന്നതാണ്. ഇത് നഷ്ടപരിഹാരമല്ല. ഇത്തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണ്.
ദുബായ് ഹോൾഡിംഗ്സ് 2017ൽ ദുബായ്ക്കു പുറത്തുള്ള ഓപ്പറേഷൻസ് നിർത്തുന്നതായി തീരുമാനം കൈക്കൊണ്ടതിന്റെ കൂടി ഫലമായാണ് നിലവിൽ ഈയൊരു സാഹചര്യം സ്മാർട്ട് സിറ്റിക്ക് ഉണ്ടായത്. സ്മാർട്ട് സിറ്റി ഫ്രേം വർക്ക് എഗ്രിമെന്റിലെ ക്ലോസ് 7.2.1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു പകരം ടീകോമുമായി ചർച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറിൽ ഏർപ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശത്തിൽ ഊന്നൽ നൽകിയത്. അതനുസരിച്ച് കേരള സർക്കാരിനോ നോമിനിക്കോ ടീകോമിന്റെ ഓഹരികൾ വാങ്ങാനും കരാർ ബാധ്യതകളിൽനിന്ന് അവരെ ഒഴിവാക്കാനും സാധിക്കും.
ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാൽ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നൽകണമെന്നാണ് ഫ്രെയിം വർക്ക് എഗ്രിമെന്റിലെ വ്യവസ്ഥ. ഈ നടപടിക്രമങ്ങളിൽ കൂടിയാണ് പിന്മാറ്റ കരാർ തയാറാക്കുന്ന നിലയിലേക്ക് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
പദ്ധതി നടപ്പാക്കുന്നതിൽ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാൽ മധ്യസ്ഥചർച്ചകൾ മുഖേന പരിഹാരം കാണുന്നതിനും ആർബിട്രേഷൻ നടപടികൾക്കും കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ ആർബിട്രേഷൻ നടപടികളും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.