ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അതിജീവിതകളുടെ പരാതി ജി. പൂങ്കുഴലി അന്വേഷിക്കും
Tuesday, December 10, 2024 1:30 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകള്‍ക്കു പരാതിയുണ്ടെങ്കില്‍ അത് നോഡല്‍ ഓഫീസര്‍ ജി. പൂങ്കുഴലി അന്വേഷിക്കും. ഭീഷണിയടക്കമുള്ള ഏത് അടിയന്തര സാഹചര്യത്തിലും അതിജീവിതകള്‍ക്കു നോഡല്‍ ഓഫീസറുടെ സംരക്ഷണം തേടാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് (എസ്ഐടി) ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയവര് ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടിയോട് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
പരാതികള്‍ പരിശോധിച്ച് നോഡല്‍ ഓഫീസര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.