മുനന്പം: യുഡിഎഫിൽ ഭിന്നതയില്ലെന്ന് വി.ഡി. സതീശൻ
Tuesday, December 10, 2024 1:30 AM IST
ശബരിമല: മുസ് ലിംലീഗ് നേതാക്കളുമായി ആലോചിച്ചാണ് മുനമ്പം വിഷയത്തില്‍ യുഡിഎഫ് നിലപാട് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തെ മതപരമായ സംഘര്‍ഷമാക്കി മാറ്റാതിരിക്കാനാണ് ശ്രമിച്ചത്. സംഘര്‍ഷമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി. മുനന്പത്ത് മതപരമായ വിഷയമാക്കി മാറ്റി കേരളത്തില്‍ ക്രൈസ്തവരും മുസ്ലിംകളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് പേകാന്‍ സാധ്യതയുണ്ടായിരുന്നു. അതില്ലാതാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്.
മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയില്‍ സ്ഥിരമായ അവകാശം നല്കി പ്രശ്നം പരിഹരിക്കുന്നതിനു പകരം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് സംഘപരിവാറും ആഗ്രഹിക്കുന്നത്. മുനമ്പത്തേത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വഖഫ് ബില്‍ കൊണ്ടുവരുന്നതെന്നാണ് സംഘപരിവാര്‍ പറയുന്നത്.
കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. വഖഫ് ബില്‍ പാസാക്കുന്ന അവസ്ഥയിലേക്ക് പോകരുത്. തര്‍ക്കങ്ങള്‍ ഉണ്ടാക്കാനോ ബഹളമുണ്ടാക്കാനോ ഇല്ല. നിയമപരമായി പ്രശ്നങ്ങള്‍ പരിശോധിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കി ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കാനാണ് ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
നിയമപരമായ എല്ലാ വിഷയങ്ങളും പരിശോധിച്ച ശേഷമാണ് അഭിപ്രായം പറഞ്ഞത്. വഖഫ് ബില്ല് പാസാക്കിയാല്‍ സംഭലില്‍ വരെ പ്രശ്നമുണ്ടാകും. അതെല്ലാവരും മനസിലാക്കണം. പുതിയ വഖഫ് ബില്ല് പാസായാലേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന സംഘപരിവാര്‍ അജണ്ടയിലേക്ക് എല്ലാവരെയും എത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അതു കെണിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.