കൈയേറ്റത്തിനിരയായ കാസർഗോഡ് നഗരസഭാ സെക്രട്ടറിക്കു സ്ഥാനമാറ്റം
Tuesday, December 10, 2024 1:30 AM IST
കാസർഗോഡ്: അനധികൃതമായി ഉപയോഗപ്പെടുത്തിയ കെട്ടിടനമ്പർ റദ്ദാക്കിയതിന്റെ പേരിൽ കൈയേറ്റത്തിനിരയായ കാസർഗോഡ് നഗരസഭാ സെക്രട്ടറിക്കു സ്ഥാനമാറ്റം.
കാസർഗോഡ് തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ദാരിദ്ര്യലഘൂകരണ വിഭാഗത്തിൽ പ്രോജക്ട് ഡയറക്ടറായാണ് നഗരസഭാ സെക്രട്ടറി പി.എ. ജസ്റ്റിനെ മാറ്റിയത്. ഈ തസ്തികയിൽനിന്നു കണ്ണൂർ ജില്ലയിലേക്ക് ജോലി ക്രമീകരണം നല്കി മാറ്റിയിരുന്ന ഡി.വി. അബ്ദുൾ ജലീലിനെ നഗരസഭാ സെക്രട്ടറിയായും നിയമിച്ചു.
കൈയേറ്റത്തിനു തൊട്ടുപിന്നാലെ സ്വദേശമായ ആലപ്പുഴയിലേക്കു മടങ്ങിയിരുന്ന ജസ്റ്റിൻ ഇന്നലെയാണ് കാസർഗോഡ് തിരികെയെത്തിയത്. സ്ഥാനമാറ്റ ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം ഇന്നലെതന്നെ പുതിയ തസ്തികയിൽ പ്രവേശിച്ചു. നഗരസഭാ സെക്രട്ടറിയായി ഡി.വി. അബ്ദുൾ ജലീലും ചുമതലയേറ്റു.
അനധികൃത നിർമാണത്തിനെതിരായി നടപടിയെടുത്ത നഗരസഭാ സെക്രട്ടറിയെ ദിവസങ്ങൾക്കകം മാറ്റിയ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി വിവാദമായിട്ടുണ്ട്. കൈയേറ്റം ചെയ്തവർക്കെതിരായി പരാതി നല്കിയതല്ലാതെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജസ്റ്റിൻ അപേക്ഷ നല്കിയിരുന്നില്ല.
തന്നെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ജില്ലാ പോലീസ് മേധാവിക്ക് ഇമെയിൽ മുഖേന നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കോൺട്രാക്ടറായ ഷിഹാബിന്റെയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിൽ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
ജസ്റ്റിനെ ക്വാർട്ടേഴ്സിലിട്ട് കൊല്ലുമെന്നും ജീവനോടെ കാസർഗോഡുനിന്ന് പോകാൻ അനുവദിക്കില്ലെന്നും ഷിഹാബ് പറഞ്ഞതായും, കൂടെ വന്ന ആൾ ജസ്റ്റിന്റെ നെഞ്ചത്തു പിടിച്ചുതള്ളുകയും ചുമലിൽ അടിക്കുകയും കാൽമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.