പ്രവചനങ്ങൾ പൂർത്തിയാക്കിയവന്റെ ജനനം
Tuesday, December 10, 2024 1:30 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ഈശോമിശിഹായുടെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. പാപം ചെയ്ത മനുഷ്യനെ പറുദീസയിൽനിന്നു പുറത്താക്കുന്നതിനുമുന്പ് ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്യുന്നുണ്ട് (ഉത്പ 3:15).
ഈ പ്രവചനമാണ് സ്ത്രീകളിൽ അനുഗൃഹീതയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മകനായ, ദൈവപുത്രനായ ഈശോമിശിഹായിലൂടെ സംഭവിച്ചത്. തന്റെ കുരിശിലെ മരണംവഴി ഈശോ പിശാചിന്റെ തല തകർത്തു, ആധിപത്യം ഇല്ലാതാക്കി. കാരണം പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവപുത്രനായ ഈശോ പ്രത്യക്ഷനായത് ’ (1 യോഹ 3:5).
ദൈവപുത്രന്റെ മനുഷ്യാവതാരത്തിനായി ഒരു വംശത്തെ ഒരുക്കാൻ അബ്രാഹത്തെ വിളിച്ച് വേർതിരിച്ച ദൈവം അബ്രാഹത്തിനു നൽകിയ അനുഗൃഹത്തിൽ ഇപ്രകാരം പറയുന്നു, ‘നിന്നിലൂടെ ഭൂമുഖത്തെ വംശമെല്ലാംഅനുഗ്രഹീതമാകും’ (ഉത്പ 12:3). സകല ജനതകൾക്കുമുള്ള അനുഗ്രഹം സാധ്യമായത് ഈശോമിശിഹായിലൂടെയാണ്. അതുകൊണ്ടാണ് ശിമയോൻ ഉണ്ണീശോയെ കൈകളിൽ എടുത്തുകൊണ്ട് പാടിയത്, ‘കർത്താവേ അവിടത്തെ വാഗ്ദാനം അനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ. എന്തെന്നാൽ, സകല ജനതകൾക്കുംവേണ്ടിയുള്ള രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു ’ (ലൂക്കാ 2:28-30).
മത്തായിശ്ലീഹാ അറിയിച്ച സുവിശേഷത്തിൽ ആദ്യന്തം പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, ഈശോമിശിഹാ പ്രവചനങ്ങളുടെ പൂർത്തീകരണമാണ് എന്നു സമർഥിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. വാസ്തവത്തിൽ അത് അങ്ങനെയാണുതാനും. ഈ രക്ഷകന്റെ ദൗത്യത്തെപ്പറ്റി ഏശയ്യ പ്രവാചകൻ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു, ‘കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു’ (ലൂക്കാ 4:18-19; ഏശ 61:1-2). ‘അപ്പോൾ അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല. മുടന്തർ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ് സന്തോഷഗീതം ആലപിക്കും.’ (ഏശ 35:5-6).
ഈശോമിശിഹായുടെ ജറൂസലെം പ്രവേശനം, പീഡാനുഭവം, മരണം, കബറടക്കം, ഉത്ഥാനം എന്നീ സംഭവങ്ങളെക്കുറിച്ചും പ്രവചനങ്ങൾ പഴയനിയമത്തിൽ കണ്ടെത്താവുന്നതാണ്.
ഇവയിൽ നല്ലൊരു പങ്കും ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലും ദാവീദിന്റെ സങ്കീർത്തനങ്ങളിലുമാണ് നാം കണ്ടുമുട്ടുക. ഈശോയുടെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുന്പ് നടത്തപ്പെട്ടവയാണ് ഈ പ്രവചനങ്ങൾ. ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങൾ ജനനം മുതൽ സ്വർഗാരോഹണം വരെ നൂറ്റാണ്ടുകൾക്കുമുന്പ് പ്രവചിക്കപ്പെടുക എന്നത് കേട്ടുകേൾവിയില്ലാത്ത ഒരു പ്രതിഭാസമാണ്. പ്രവചനങ്ങൾ ദൈവഹിതമാണ്. നമ്മെക്കുറിച്ചും ദൈവത്തിന് ആഗ്രഹങ്ങളുണ്ട്.
പദ്ധതികളുണ്ട്. പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈശോമിശിഹായുടെ ജന്മോത്സവം ആഘോഷിക്കുന്ന ഈയവസരത്തിൽ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹങ്ങളും പദ്ധതികളും വിവേചിച്ചറിയാനും അത് പൂർത്തിയാക്കാനും നമുക്ക് പരിശ്രമിക്കാം.