ബസേലിയോസ് തോമസ് പ്രഥമന്‍ അനുഗൃഹീത ശ്രേഷ്ഠാചാര്യൻ: പാത്രിയര്‍ക്കീസ് ബാവ
Tuesday, December 10, 2024 1:30 AM IST
കൊച്ചി: അന്ത്യോഖ്യാ സിംഹാസനത്തിന്റെ അനുഗൃഹീത ശ്രേഷ്ഠാചാര്യനായിരുന്നു കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവയെന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുസ്മരിച്ചു. സത്യവിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിക്കാന്‍ അദ്ദേഹം ഏറെ ത്യാഗം സഹിച്ചെന്നും പാത്രിയർക്കീസ് പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്കാബാവയുടെ 40-ാം ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ കബറിടമുള്ള പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാത്രിയര്‍ക്കീസ് ബാവ.
ആധുനിക കാലഘട്ടത്തില്‍ യാക്കോബായ സുറിയാനി സഭയെ പ്രതിസന്ധികളില്‍നിന്നു വീണ്ടെടുക്കാൻ ശ്രേഷ്ഠബാവ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പരിശുദ്ധ സിംഹാസനം ശ്രേഷ്ഠ ബാവായ്ക്ക് ‘യാക്കോബ് ബുര്‍ദ്ദാന’ എന്ന നാമധേയം നല്‍കിയത് അതുകൊണ്ടാണെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.
നിയുക്ത ശ്രേഷ്ഠ കാതോലിക്കാബാവ ജോസഫ് മാര്‍ ഗ്രിഗോറിയോസ് ആമുഖപ്രഭാഷണം നടത്തി. തന്നെ വഴിനടത്തിയ പിതാവായിരുന്നു ശ്രേഷ്ഠ ബാവയെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ പാത്രിയര്ക്കാസെന്ററില്നിന്നു വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളോടൊപ്പം പാത്രിയര്‍ക്കീസ് ബാവയെയും സഭയിലെ മെത്രാപ്പോലീത്തമാരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചു. പുതുതായി നിര്‍മിച്ച കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തിയശേഷമായിരുന്നു വിശുദ്ധ കുര്‍ബാന.
മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തീമോത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ക്ലീമിസ് മാർ ഡാനിയേല്‍, ജോസഫ് മാർ ബാലി, പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മര്‍ക്കോസ് മോര് ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രമുഖ വ്യവസായി എം.എ. യൂസഫലി ശ്രേഷ്ഠ ബാവയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ശ്രേഷ്ഠ ബാവയുടെ ജീവചരിത്രമടങ്ങുന്ന മൂന്നു വാല്യങ്ങളുള്ള പുസ്തകത്തിന്റെ പ്രകാശനവും ജീവിത നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ മ്യൂസിയത്തിന്റെ നിര്‍മാണോദ്ഘാടനവും സമ്മേളനത്തിൽ നടത്തി.
ബെന്നി ബെഹനാന് എംപി, മുന്‍ മന്ത്രി എസ്. ശര്‍മ, എംഎല്‍എമാരായ പി.വി. ശ്രീനിജന്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന്, റോജി എം. ജോണ്‍, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, കോറെപ്പിസ്കോപ്പമാർ, വൈദികർ, സന്യസ്തർ എന്നിവർക്കൊപ്പം ആയിരക്കണക്കിനു വിശ്വാസികളും ഓർമദിനാചരണത്തിൽ പങ്കെടുത്തു.
ലോകസമാധാനത്തിനായി പ്രാര്‍ഥിക്കൂ: പാത്രിയര്‍ക്കീസ് ബാവ
കൊച്ചി: ലോകം വലിയ വെല്ലുവിളികളെ നേരിടുകയാണെന്നും സഹിഷ്ണുതയും സഹവര്‍ത്തിത്വവും നഷ്ടപ്പെട്ട ഇന്നത്തെ കാലഘട്ടത്തില്‍ സമാധാനം ആവശ്യമാണെന്നും ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആഹ്വാനം ചെയ്തു.
സിറിയയിലെ ജനത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണം. യുദ്ധങ്ങളും യുദ്ധകാഹളങ്ങളും ലോകസമാധാനം നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ലോകസമാധാനത്തിനായി ദൈവമക്കള് പ്രാര്‍ഥിക്കണമെന്നും പാത്രിയര്‍ക്കീസ് ബാവ ആവശ്യപ്പെട്ടു.
സിറിയയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 17 വരെ നിശ്ചയിച്ചിരുന്ന തന്റെ ഭാരതസന്ദര്‍ശനം പാത്രിയർക്കീസ് ബാവ വെട്ടിച്ചുരുക്കിയിരുന്നു. ഇന്നു രാവിലെ 9.50 ന് അദ്ദേഹം കൊച്ചി വിമാനത്താവളത്തില്‍നിന്നു മടങ്ങും.