ആൽവിന് ഉള്ളുരുകി വിട നല്കി നാട്
Tuesday, December 10, 2024 1:30 AM IST
എടത്വ: കളര്‍കോട് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ച ആലപ്പുഴ എടത്വ പള്ളിച്ചിറ കൊച്ചുമോന് ജോര്‍ജിന്റെ മകന് ആല്വിന് ജോര്‍ജിന്റെ (19) സംസ്കാരം എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്നു. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചത് മുതല്‍ വന്‍ജനാവലിയാണ് വീട്ടിലേക്ക് ഒഴുകി എത്തിയത്.
ഇന്നലെ രാവിലെ തലവടിയിലെ വീട്ടില്‍ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ബന്ധുക്കള്‍, സഹപാഠികള്‍, നാട്ടുകാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ അകമ്പടിയില്‍ വാഹനത്തില്‍ വിലാപയാത്രയായിട്ടാണ് അഞ്ച് കിലോമീറ്ററോളം ദൂരമുള്ള എടത്വ പള്ളിയിലേക്ക് മൃതദേഹം സംസ്കാരത്തിനായി എത്തിച്ചത്.
മന്ത്രി സജി ചെറിയാന്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, പൂന-കട്ക്കി രൂപതാധ്യഷന് ഡോ. മാത്യൂസ് മാര്‍ പക്കോമിയൂസ് എന്നിവരും ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. ചങ്ങനാശേരി ആർച്ച്ബി ഷപ് മാര്‍ തോമസ് തറയില്‍ അനുശോചനം അറിയിച്ചു.
ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരി മുക്കിനു സമീപത്തുവച്ച് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ ആല്‍വിനെ കൂടാതെ അഞ്ച് വിദ്യാര്‍ഥികൾ മരിക്കുകയും മറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.